
തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയിൽ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഈഴവ വിഭാഗത്തില്‍ നിന്നുള്ള ബാലുവിനെ ജോലിയില്‍ പ്രവേശിപ്പിച്ചത് തന്ത്രിമാര്‍ എതിര്‍ക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അനുരാഗിന്‍റെ നിയമനം. അനുരാഗ് ഈഴവ സമുദായത്തില്‍ നിന്നുള്ള അംഗം തന്നെയാണ്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ്ണ പരിരക്ഷയും പിന്തുണയും നല്‍കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. അനുരാഗിനെ അഭിനന്ദിക്കാനും പിന്തുണയറിയിക്കാനും സിപിഐ, എസ്എന്‍ഡിപി, കെപിഎംഎസ് അടക്കമുള്ള സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ദേവസ്വം ഓഫീസിലെത്തിയിരുന്നു.
അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അനുരാഗ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനാണ് നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്‍റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്. ബാലുവിന്‍റെ നിയമനം വിവാദമായിരുന്നു.
ക്ഷേത്രത്തില്‍ കഴകം തസ്തികയില്‍ കഴിഞ്ഞ ഫെബ്രുവരി 24 ന് നിയമിച്ചത് തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലുവിനെ ദേവസ്വം നിയമിച്ചതില്‍ എതിര്‍പ്പുകൾ ഉയരുകയും വിഷയം വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉൾപ്പെടെ ഇടപെടുകയും സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ബാലുവിനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിന്നാക്ക ക്ഷേമ വിഭാഗ മന്ത്രി അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്. ജാതിവിവേചനത്തില്‍ വിയോജിപ്പുമായി തന്ത്രിമാരിലൊള്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ചുമതലയേറ്റത് മുതലാണ് തന്ത്രിമാരുടെ പ്രതിഷേധം ആരംഭിച്ചത്. ബാലു ഈഴവ സമുദായംഗമായതിനാല്‍ അന്നുമുതല്‍ തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു പിന്നീട് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തു പിന്നാലെ ബാലു ഏഴു ദിവസത്തെ അവധിയിൽ പോയി. ബാലുവിനെ പിന്തുണച്ച് തന്ത്രിമാരിലൊരാളായ വെളുത്തേടത്ത് തരണനെല്ലൂര്‍ പടിഞ്ഞാറെ മനയിലെ അനിപ്രകാശ് രംഗത്തുവരകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam