സമയപരിധി അവസാനിച്ചു, പി വി അന്‍വറിന്റെ റിസോർട്ടിന് നിർമിച്ച തടയണകൾ നാളെ പൊളിച്ച് തുടങ്ങും

By Web TeamFirst Published Oct 1, 2021, 6:40 PM IST
Highlights

നിയമവിരുദ്ധമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്. 

കോഴിക്കോട്: കൂടരഞ്ഞിയില്‍ പി വി അന്‍വര്‍ (P. V. Anvar )എംഎല്‍എയുടെ ഉടമസ്ഥതയിലുളള റിസോർട്ടിനായി നിർമിച്ച തടയണകൾ (check dam) പൊളിക്കാന്‍ നാളെ മുതല്‍ നടപടികള്‍ തുടങ്ങും. നിയമവിരുദ്ധമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്. 

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പിവിഅന്‍വറിന്‍റെ ഉടമസ്ഥതയിലുളള പിവിആർ നാച്വറല്‍ റിസോർട്ടിനായി നീര്‍ച്ചാലിനു കുറുകെ നിര്‍മിച്ച തടയണയാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊളിക്കാനൊരുങ്ങുന്നത്. തടയണ നിര്‍മാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇത് പൊളിക്കാന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. നാളെ മുതല്‍ തടയണ പൊളിക്കാനുളള നടപടി തുടങ്ങും. പൊളിച്ചു നീക്കാനുളള ചെലവ് അന്‍വറില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

നീര്‍ച്ചാലിന്‍റെ സ്വഭാവിക നീരൊഴുക്ക് തടസപ്പെടുന്ന നിലയിലാണ് തടയിണ നിര്‍മാണമെന്ന് കാട്ടി കേരള നദീസംരക്ഷണ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കോടതി കളക്ടറോട് പരാതി പരിശോധിച്ച് നടപടിയെടുക്കാൻ  നിർദേശിച്ചത്. എന്നാല്‍ തടയണ പ്രദേശത്തെ കുടിവെള്ള ലഭ്യതയ്ക്ക് അത്യാവശ്യമെന്ന വാദവുമായി ഒരു വിഭാഗം നാട്ടുകാരും രംഗത്തുണ്ട്. 

അതിനിടെ, കര്‍ണാടകയില്‍ ക്രഷര്‍  സ്ഥാപിക്കാനായി 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതുമായി ബന്ധപ്പെട്ട് പിവിഅന്‍വര്‍ എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത  കേസിന്‍റെ സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് മഞ്ചേരി സി.ജെ.എം  കോടതി നിര്‍ദ്ദേശം നല്‍കി.കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി  ക്രൈം ബ്രാഞ്ച്  കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 

click me!