കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകപരമ്പരയില്‍ ബന്ധുക്കളെ ഇല്ലാതാക്കാന്‍ പ്രതി ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കുറ്റകൃത്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവന്ന് ജോളി മോഴി നൽകിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതേസമയം, കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കൂടത്തായി കൊലപാതകപരമ്പരയിലെ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് സയ്നൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയ്നെഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്. പ്രജുകുമാറിന്‍റെ സ്വര്‍ണ്ണപണിശാലയില്‍ നിന്നും പൊലീസ് സയ്നൈഡ് കണ്ടെത്തിയിട്ടുമുണ്ട്.
Read More:കൂടത്തായി കൊലപാതക പരമ്പര; പ്രതികൾ റിമാൻഡിൽ
അറസ്റ്റ് ഇവരില്‍ മാത്രം അവസാനിക്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. റോയിയുടെ പിതാവ് ടോം തോമസ്, റോയിയുടെ അമ്മ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ബന്ധു സുലു, സുലുവിന്റെ കുട്ടി അല്‍ഫിന്‍ എന്നിവരുടെ മരണകാരണങ്ങളെകുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ജോളി നല്‍കിയെന്നാണ് സൂചന. ഇവരെ കൊല്ലാന്‍ സയ്നൈഡല്ലാതെ മറ്റു ചില വിഷവസ്ഥുക്കളും ഉപയോഗിച്ചെന്നാണ് ജോളി അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, ഏതു വിഷവസ്ഥുവാണെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൊല ചെയ്യാൻ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചില ആളുകളുമണ്ടെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്ന് ചോദ്യത്തിന് നിലവില്‍ ഓര്‍മ്മിക്കാനാവുന്നില്ലെന്നാണ് ജോളി നല്‍കിയ മറുപടി. ആരെന്ന് മനസിലാക്കാന്‍ ജോളിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്. കൂടുതല്‍ തെളിവെടുപ്പിനായി ജോളിയെ ബുധനാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കുറ്റം സമ്മതിച്ചതിനാല്‍ മാത്യുവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam