കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ ആറ് പേരേയും കൊന്നത് താനാണെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായി പൊലീസ്. സയനൈഡ് ഉപയോഗിച്ചാണ് എല്ലാവരേയും ജോളി വകവരുത്തിയത്. സ്വത്ത് മാത്രമല്ല മറ്റു പല താത്പര്യങ്ങളും കൂട്ടക്കൊലയിലേക്ക് ജോളിയെ നയിച്ചെന്നും അന്വേഷണ സംഘത്തെ നയിച്ച കോഴിക്കോട് റൂറല്‍ എസ്‍പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നിലവില്‍ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകത്തില്‍ മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യപ്രതിയായ ജോളി ജോസഫ് (40 ) കൂടാതെ  അവര്‍ക്ക് സയനൈഡ് നല്‍കിയ സുഹൃത്ത് എംഎസ് മാത്യു (44), ഇയാള്‍ക്ക് സയനൈഡ് കൈമാറിയ സ്വര്‍ണപണിക്കാരന്‍ പ്രജി കുമാര്‍ (48) എന്നിവരുമാണ് ഈ കേസുകളില്‍ അറസ്റ്റിലായത്. കുടുംബസുഹൃത്തായ എം.എസ് മാത്യുവുമായി ജോളിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കെജി സൈമണ്‍ വ്യക്തമാക്കി. 

കൂടത്തായി കൂട്ടക്കൊല - റൂറല്‍ എസ്പി കെജി സൈമണിന്‍റെ വാക്കുകള്‍

രണ്ട് മാസം മുന്‍പ് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കൂട്ടക്കൊലയുടെ അന്വേഷണം ആരംഭിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ഡിഐജി വിവരം അറിയിച്ചു. അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണചുമതല ഏല്‍പിച്ചു. 

2014-ല്‍ റോയ് ജോസ് എന്നയാളുടെ മരണത്തോടെയാണ് ഈ കേസ് ആദ്യമായി പൊലീസിന്‍റെ മുന്നിലെത്തുന്നത്. മരണത്തില്‍ മറ്റു അസ്വഭാവികതകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അന്ന് ഈ ആ ഫയല്‍ ക്ലോസ് ചെയ്തത്. ഇപ്പോള്‍ പരാതി കിട്ടിയപ്പോള്‍ വീണ്ടും ആ ഫയല്‍ പരിശോധിച്ചു. അപ്പോഴാണ് സയനൈഡ് കഴിച്ചാണ് റോയ് മരിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സയനൈഡ് എവിടെ നിന്നും കിട്ടി എന്ന കാര്യം പരിശോധിക്കാതെയായിരുന്നു കേസ് അവസാനിപ്പിച്ചത്. 

ഇവരുടെ കുടുംബപശ്ചാത്തലവും മറ്റു പരിശോധിച്ചപ്പോള്‍ ഈ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. എല്ലാവരുടേയും മരണസമയത്ത് ജോളി എന്ന സ്ത്രീയുടെ സാന്നിധ്യമുള്ളതും സംശയം വര്‍ധിപ്പിച്ചു. ഇതോടെ കോടതിയുടെ അനുമതി തേടി വിപുലമായ അന്വേഷണം നടത്തുകയായിരുന്നു. ജോളിയെക്കുറിച്ചും കാര്യമായി പൊലീസ് അന്വേഷിച്ചു. ദുരൂഹമായ പല കാര്യങ്ങളും ഈ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 

ജോളി നാട്ടില്‍ പറഞ്ഞിരുന്നത് താന്‍ കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചറായിരുന്നു എന്നാണ്. എന്നാല്‍ ഇവര്‍ ശരിക്കും ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു.  എന്‍ഐടിയുടെ വ്യാജഐഡികാര്‍ഡുമായി എല്ലാ ദിവസവും ഇവര്‍ കാറില്‍ വീട്ടില്‍ നിന്നു പോകും വൈകിട്ട് തിരിച്ചു വരും.  രണ്ടാമത്തെ കാര്യം റോയിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞു പരത്തിയത്. റോയ് സയനൈഡ് കഴിച്ചതാണെന്ന് അറിഞ്ഞിട്ടും ഇവര്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഇവര്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഇതു കൂടാതെ പുനരന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തതില്‍ അന്‍പതോളം മൊഴി വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു ഇതെല്ലാം ജോളിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. 

കൂടത്തായി കൂട്ടക്കൊലയിലെ ആദ്യത്തെ ഇര ജോളിയുടെ  ഭര്‍ത്തൃമാതാവായ  അന്നമ്മ തോമസാണ്. ആ വീട്ടിലെ എല്ലാ കാര്യങ്ങളും അവരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ മരണത്തോടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ജോളിക്ക് കിട്ടി. അതു തന്നെയായിരുന്നു അവരെ കൊന്നതിന്‍റെ ഉദ്ദേശ്യവും. 

അതിനു ശേഷം കൊല്ലപ്പെടുന്നത് റോയിയുടെ പിതാവ് ടോം ജോസഫാണ്. അന്നമ്മയുടെ മരണാനന്തരം ടോം ജോസഫ്  വസ്തുക്കള്‍ വിറ്റ് പണം ജോളിക്കും റോയിക്കും നല്‍കിയിരുന്നു. ഇനി കുടുംബസ്വത്ത് ഒന്നും നല്‍കില്ലെന്നും അദ്ദേഹം ഇവരോട് പറഞ്ഞു. സ്വത്തുകള്‍ ടോം ജോസഫ് അമേരിക്കയിലെ മകന് നല്‍കും എന്ന സംശയവും ജോളിക്കുണ്ടായിരുന്നു. 

ഇതേ ചൊല്ലി ടോം ജോസഫുമായി ഇവര്‍ക്ക് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അമേരിക്കയിലെ മകന്‍റെ അടുത്തേക്ക് പോകാന്‍ ടോം ജോസഫ് തയ്യാറെടുത്തെങ്കിലും ആ യാത്ര മുടക്കി. ഇതോടൊപ്പം പുറത്തു പറയാന്‍ പറ്റാത്ത ചില കാരണങ്ങളും ടോം ജോസഫിനെ കൊല്ലുന്നതിന് കാരണമായെന്നും റൂറല്‍ എസ്‍പി വ്യക്തമാക്കി. 

അവസാന കാലത്ത് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളുണ്ടായതോടെയാണ് റോയ് തോമസിനെ ജോളി വകവരുത്തിയത്. റോയ് തോമസിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടത് റോയിയുടെ അമ്മാവനും അന്നമ്മയുടെ സഹോദരനുമായ എംഎം മാത്യുവാണ്.

ഇദ്ദേഹവുമായും ജോളിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ കൊലപാതകം സംബന്ധിച്ച് ചില തെളിവുകള്‍ കൂടി ലഭിക്കാനുള്ളതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. മറ്റു പല കാരണങ്ങളും കൂടി ഈ കൊലപാതകത്തിന് കാരണമാണ് അതേക്കുറിച്ച് പിന്നീട് വെളിപ്പെടുത്താം. 

ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യത്തെ ഭാര്യ സിലി, മകള്‍ ഒരു വയസ്സുകാരി ആല്‍ഫൈന്‍ ഷാജു എന്നിവരാണ് പിന്നീട് കൊലപ്പെട്ടത്. ഭക്ഷണം  തൊണ്ടയില്‍ കുടുങ്ങിയാണ് ആല്‍ഫൈന്‍ മരിച്ചത് എന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ ആല്‍ഫൈനും സയനൈഡ് കഴിച്ചാണ് മരിച്ചത്. വെള്ളത്തില്‍ വിഷം കൊടുത്താണ് സിലിയെ ജോളി വകവരുത്തിയത്.