
കോഴിക്കോട്: കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ താന്‍ പിടിക്കപ്പെടുമെന്ന് ജോളി ഭയപ്പെട്ടിരുന്നതായി സുഹൃത്ത് ഏലിയാമ്മ. ജോളി പരിഭ്രാന്തി കാണിച്ചിരുന്നു. മക്കളുടെ കാര്യത്തില്‍ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഏലിയാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
''കല്ലറ മാന്തുന്നതിന്‍റെ തലേന്നാണ് കണ്ടത്. അവള്‍ ബോധം കെട്ടുവീണെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ബന്ധപ്പെട്ടത്. ആകെ അസ്വസ്ഥയായിരുന്നു. പത്രത്തില്‍ വന്നു ടീച്ചറെ എന്ന് പറഞ്ഞു. പത്രത്തില്‍ നിന്‍റെ പേരുണ്ടോ എന്ന് ചോദിച്ചു. എന്‍റെ പേരില്ല. അപ്പച്ഛന്‍റെ പേരുണ്ടെന്ന് അവള്‍ പറഞ്ഞു. അത് ആരും ആകാലോ എന്ന് ഞാനും പറഞ്ഞു. അതേ ടീച്ചറേ തെളിയിക്കട്ടെ തെളിയിക്കട്ടെ'' എന്ന് ജോളി പറഞ്ഞുവെന്നും ഏലിയാമ്മ പറഞ്ഞു.
കല്ലറ തുറന്നതിനെ സമ്പന്ധിച്ച് 29ാം തീയതിയാണ് സംസാരിച്ചത്. അപ്പോള്‍ അവളുടെ മുഖത്ത് ഭയപ്പാടുണ്ടായിരുന്നു. മക്കളുടെ കാര്യം ഓര്‍ത്തിട്ടാണ് വിഷമം എന്ന് ജോളി പറഞ്ഞിരുന്നു. തെറ്റുചെയ്തിട്ടില്ലല്ലോ, അപ്പോള്‍ മക്കളുടെ കാര്യം പേടിക്കണ്ടല്ലോ എന്ന് താനും പറഞ്ഞുവെന്നും ഏലിയാമ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളെ നാളെ ഹാജരാക്കാന്‍ താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. റിമാന്‍റിലുള്ള പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.
ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചു. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. മാത്യുവിന് ജാമ്യം ലഭിക്കാനുള്ള സാധ്യത നൂറുശതമാനവും ഉണ്ടെന്ന് പറയാനാകില്ലെന്ന് മാത്യുവിന്‍റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ രംഗത്തുവന്നിട്ടില്ല.
പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ ആവശ്യം. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമെന്നും അസിസ്റ്റന്‍റ് പബ്ലിക് പ്രൊസിക്യൂട്ടർ രഞ്ജിൻ ബേബി പറഞ്ഞു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam