
കോട്ടയം: കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്‍റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് അമേരിക്കയിൽ നിന്ന് ദുബായി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിയത്. പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടിൽ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിൽ എത്തിയത്.
കേസിന്റെ രണ്ടാംഘട്ടത്തിലാണ് റോജോയെ അന്വേഷണ സംഘം നാട്ടിലേക്ക് വിളിപ്പിച്ചത്. റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകർപ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവർക്കും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കേസിൽ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ക്രൈംബ്രാഞ്ച് സംഘമെത്തി ഇന്നോ നാളെയോ ആയി കോട്ടയത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്ക് നിർദ്ദേശമുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസമാണ് റോജോ കുടംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നൽകിയത്.
അതേസമയം, കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് നോട്ടീസ് കൈമാറിയിരുന്നു. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛൻ സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്ന് കൂടത്തായി പൊന്നാമറ്റം വീട്ടിൽ വിദഗ്ധ സംഘം പരിശോധന നടത്തും. വിരലടയാള, ഫോറൻസിക്, വിഷ ശാസ്ത്ര വിദഗ്‍ധർ അടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോഴിക്കോട്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam