
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കേസില്‍ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.
അതേസമയം, ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഈ യുവതി നിലവിൽ ചെന്നൈയിലാണ് എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam