Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതകക്കേസ്; ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി നീട്ടി

മൂന്നാം പ്രതി പ്രജി കുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

koodathai murder case jolly and other police custody till october 18
Author
Kozhikode, First Published Oct 16, 2019, 5:54 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പതിനെട്ടാം തീയതി നാല് മണിവരെയാണ് കസ്റ്റഡി നീട്ടിയത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഈമാസം 19ന് കോടതി പരിഗണിക്കും. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടത്. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൂന്നാം പ്രജുകുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്നും അവിടെയെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി കോടതി നീട്ടിയത്. കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. പ്രജുകുമാറുമായി സംസാരിക്കാൻ ഭാര്യക്ക് 10 മിനിറ്റ് സമയം നൽകി. 

ഇക്കഴിഞ്ഞ പത്തിനാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കൂടത്തായി കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. റോയ്‍ തോമസിന്‍റെ കൊലപാതകക്കേസിലായിരുന്നു അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിശദമായതെളിവെടുപ്പും ചോദ്യം ചെയ്യലും പരാതിക്കാരുടെ മൊഴിയെടുക്കലും നടന്നെങ്കിലും ഇതിനിടെ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്. 

അതേസമയം, കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം ഇന്നും മൊഴിയെടുക്കുന്നുണ്ട്. കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതിനിടെ, ഷാജുവിന്‍റെ മുന്‍ ഭാര്യ സിലിയുടെ 40 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിലിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഷാജുവും ജോളിയും അറിയാതെ സിലിയുടെ ആഭരണങ്ങള്‍ നഷ്ടമാകില്ലെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞു. ജോളിയുടെ പേരില്‍ വ്യാജ വില്‍പത്രം തയ്യാറാക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍റെ അന്വഷണവും മൊഴിയെടുക്കലും ഇന്നും തുടര്‍ന്നു. തഹസില്‍ദാര്‍ ജയശ്രീ, കൂടത്തായ് മുന്‍ വില്ലേജ് ഓഫീസര്‍ കിഷോര്‍ ഖാന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴിയാണ് കോഴിക്കോട് കളക്ടറേറ്റില്‍ ഇന്ന് രേഖപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios