കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പരാതിക്കാരനായ റോജോയുടെയും സഹോദരി റഞ്ചിയുടേയും മൊഴി ഇന്നും രേഖപ്പെടുത്തി. കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ, ജോളിയുടെ ഭർത്താവ് ഷാജു, അച്ഛൻ സക്കറിയ എന്നിവരുടെ മൊഴിയെടുപ്പും ഇന്ന് നടന്നു.

ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടത് നന്നായെന്നും അല്ലെങ്കില്‍ താനടക്കമുള്ളവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും മൊഴിയെടുപ്പിന് ശേഷം റോജോ മാധ്യമങ്ങളോട് പറഞ്ഞു. കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇന്ന് പൊലീസിന് കൈമാറിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവനാണ് സാധ്യതയെന്നും ഫോണ്‍ രേഖകള്‍ കാണുമ്പോള്‍ അതാണ് മനസിലാവുന്നതെന്നും റോജോ പറഞ്ഞു. 

തുടർച്ചയായി രണ്ടാം ദിവസമാണ് പരാതിക്കാരനായ റോജോയുടെ മൊഴി എടുത്തത്. റോജോയുടെ സഹോദരി റഞ്ചിയുടെ മൊഴിയും ഇന്നും രേഖപ്പെടുത്തി. പതിനൊന്ന് മണിക്കൂറോളം നീണ്ടു ഇന്നത്തെ മൊഴിയെടുപ്പ്. മരിച്ച റോയിയുടെ മക്കളുടെ മൊഴി ഇന്നും രേഖപ്പെടുത്തി. വടകര റൂറൽ എസ്പി ഓഫീസിലായിരുന്നു മൊഴിയെടുപ്പ്.

കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാറിനേയും ഇന്ന് മൊഴിയെടുക്കാൻ വിളിച്ച് വരുത്തിയിരുന്നു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ മൊഴിയെടുപ്പ് വൈകുന്നേരം വരെ നീണ്ടു. ജോളിക്കും മുൻ ഭർത്താവ് റോയിക്കും ഏലസ് നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്.

ജോളിയുടെ ഭർത്താവ് ഷാജുവിന്റെ മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തി വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്. ജോത്സ്യൻ കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഷാജുവിനോട് ചോദിച്ചറിഞ്ഞത്. ഷാജുവിന്റെ പിതാവ് സഖറിയാസില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. 

പുലിക്കയത്തെ വീട്ടിൽ എത്തി വടകര തീരദേശ സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ ഉള്ള അനേഷണ സംഘമാണ് മൊഴി എടുത്തത്. ഇത് മൂന്നം തവണയാണ് സഖറിയാസില്‍ നിന്ന് മൊഴി എടുക്കുന്നത്. സഖറിയാസിന്‍റെ ഭാര്യ ഫിലോമിനയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. സിലിയുടെ മരണത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ചോദിച്ചറിഞ്ഞത്.

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് തഹസിൽദാർ ജയശ്രീ, കൂടത്തായി മുൻ വില്ലേജ് ഓഫീസർ കിഷോർ ഖാൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കളക്ടർ സി. ബിജുവാണ് മൊഴിയെടുത്തത്. ഇരുവരേയും ഒന്നിച്ചിരുത്തി ജില്ലാ കളക്ടർ പ്രത്യേക മൊഴിയുമെടുത്തു. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് കളക്ടറും വിശദീകരണം നേരിട്ട് തേടിയത്.