
കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പിന്‍റെ ഗുരുതര വീഴ്ച പുറത്ത്. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി. ഒരാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അസി. എഞ്ചിനീയര്‍ മൊഹ്സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല. കൂളിമാട് പാലത്തിന്‍റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ബൈജു കലാകായിക മേളയുടെ സംഘാടനത്തിന്‍റെ ഭാഗമായി ഒരാഴ്ചയായി ബത്തേരിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു മറ്റ് എഞ്ചിനീയര്‍മാർ എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൾ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നെങ്കിലുംഉച്ചതിരിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
രണ്ട് ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് പാലത്തില്‍ ബീമുകള്‍ ഉറപ്പിക്കുമ്പോൾ ഒന്ന് പ്രവർത്തനരഹിതമായതാണ് പ്രശ്നമായതെന്നാണ് ഊരാളുങ്കല്‍ വിശദീകരിച്ചത്. ഈ പ്രവൃത്തി നടക്കുമ്പോൾ കരയില്‍ നിന്ന് വാക്കിടോക്കി വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരാണ്. ഇവരാണ് കലാകായിക മേളയുടെയും സംസ്ഥാന സമിതി യോഗത്തിന്‍റെയും തിരക്കില്‍പ്പെട്ടുപോയത്.
ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് പിഡബ്ലിയുഡി (PWD) ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട്.
ഹൈഡ്രോളിക് ജാക്ക് പ്രവര്‍ത്തിപ്പിക്കുന്നതില്‍ വന്ന പിഴവാണ് അപകട കാരണമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ ഇനി വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്ത് നടപടിയെന്നാണ് അറിയേണ്ടത്. അപകടത്തിലൂടെ ഒന്നര കോടി രൂപ മുതല്‍ മുതല്‍ രണ്ട് കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിലയരുത്തല്‍. അതേസമയം, എല്ലാ വശങ്ങളും വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലം തകർന്നതിന്റെ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലത്തിന്റെ തകർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച മുസ്ലിം ലീഗ് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു.