കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്നതിന്‍റെ കാരണമെന്ത്? ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ പരിശോധന

By Web TeamFirst Published May 18, 2022, 12:51 AM IST
Highlights

ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.

കോഴിക്കോട്: നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ (Koolimadu Bridge) പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.

ഇതും വിജിലൻസ് പരിശോധിക്കും. നിർമ്മാണത്തിൽ അപാകതയുണ്ടോ എന്നും പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും പരിശോധിക്കും.കേരള റോഡ് ഫണ്ട്‌ ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു.

എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്. പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. നിർമ്മാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകും. നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം. ആരോപണം പറയേണ്ടവർക്ക് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്

 

കൊച്ചി: തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെ. സംസ്ഥാന സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണ്? മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പരാമർശം: കെ സുധാകരനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

ട്വന്റി ട്വന്റിയെ എതിർത്ത പാർട്ടിയല്ലേ കോൺഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന ദയാഹർജിയുമായി ട്വന്റി ട്വന്റിയുടെ മുന്നിൽ പോയി നിൽക്കുന്നു. ആ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. യുഡിഎഫ് തൃക്കാക്കരയിൽ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. സാബു എം ജേക്കബിനെതിരായ പോസ്റ്റ് തെറ്റെന്ന് പിവി ശ്രീനിജന് തോന്നിയത് കൊണ്ടാണ് അത് പിൻവലിച്ചത്. ഒരു വോട്ടും വേണ്ടെന്ന് ആരോടും പറയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

click me!