
തിരുവനന്തപുരം: ഡിജിപി നിയമന വിവാദത്തിൽ റവാഡ ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഎം നേതാവ് എം.വി ജയരാജൻ. കുത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് ദുരുദ്ദേശപരമാണെന്നും വെടിവെപ്പിന് കാരണക്കാരൻ റവാഡ ചന്ദ്രശേഖരനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴയിലായിരുന്നു എംവി ജയരാജൻ്റെ പ്രസംഗം. വലിയകുളങ്ങരയിൽ സഖാവ് എം എ അലിയാർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് സംഭവത്തിൽ ഞങ്ങളൊക്കെ ദൃക്‌സാക്ഷികളാണ്. അന്നത്തെ വെടിവെപ്പിന് ഉത്തരവാദി കമ്മീഷൻ ചൂണ്ടികാണിച്ച ഡിവൈഎസ്‌പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്നും അദ്ദേഹം പറഞ്ഞു.
റവാഡ ചന്ദ്രശേഖരന് കൂത്തുപറമ്പ് സംഭവത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെന്തിനാണ് റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിൽ വിവാദമെന്ന് ചോദിച്ച അദ്ദേഹം മുതലക്കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുവെന്നും പറഞ്ഞു. അത് സദുദ്ദേശത്തിലല്ല. കേസിൽ പ്രതിയായ പത്മകുമാർ ഡിജിപിയായപ്പോൾ ആരും ഒന്നും മിണ്ടിയില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.