യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി കൊച്ചിയില്‍ യോഗം ചേരുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന പ്രമേയം പാസാക്കുന്നതിനൊപ്പം, വയനാട്ടില്‍ നടന്ന 'ലക്ഷ്യ 2026' ക്യാമ്പിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഇന്ന് കൊച്ചിയില്‍. ചെറുപ്പക്കാര്‍ക്ക് മത്സരരംഗത്ത് കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നതില്‍ സംസ്ഥാന കമ്മറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരമാനമെടുക്കും. രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ഡിസിസി ഓഫീസിലാണ് കമ്മറ്റി.

100 സീറ്റ് എന്ന ഒറ്റവഴി

നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ആരംഭിച്ച കോൺഗ്രസ് നേതൃക്യാമ്പ് 'ലക്ഷ്യ'യ്ക്ക് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. "കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണ്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളാകാൻ ശ്രമിക്കരുത്," - കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും, ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാലും ജനവികാരം കോൺഗ്രസിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന തീരുമാനങ്ങളും ചർച്ചകളും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ഈ പ്ലാൻ പ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായി തിരിക്കും. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ നേതാക്കളെ മൂന്ന് മേഖലകളായി തിരിച്ച് ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചു.

തെക്കൻ മേഖലയിൽ പി.സി. വിഷ്ണുനാഥും, മധ്യ മേഖലയിൽ എപി അനിൽകുമാറും വടക്കൻ മേഖലയിൽ ഷാഫി പറമ്പിൽ എന്നിവരും ചർച്ചകൾക്ക് നേതൃത്വം നൽകും. കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ മുതലെടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കും മറുപടിയായി, ഒത്തൊരുമയോടെയുള്ള പോരാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി പറയുന്നത്. പിണറായി വിജയനേക്കാൾ ശക്തരായ പത്ത് നേതാക്കളെങ്കിലും കോൺഗ്രസിലുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.