കൊച്ചിൻ ക്യാൻസർ സെന്റർ ഉടൻ നാടിന് സമർപ്പിക്കും. 384.34 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ കേന്ദ്രം, മധ്യകേരളത്തിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും ഗവേഷണ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കും.

കൊച്ചി: കൊച്ചിൻ ക്യാൻസർ സെന്റർ ഉടൻ നാടിന് സമർപ്പിക്കും. ലോകമെമ്പാടുമുള്ള ജനങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് 'കേരള മോഡൽ' പൊതുജനാരോഗ്യം. ആ പാരമ്പര്യത്തിന് മാറ്റുകൂട്ടിക്കൊണ്ട്, മധ്യകേരളത്തിന്‍റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ സെന്‍റർ. ക്യാൻസർ എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്‍റെ തണലാകാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി, വെറുമൊരു ആശുപത്രി എന്നതിലുപരി ലോകോത്തര പഠന-ഗവേഷണ കേന്ദ്രം കൂടിയായി മാറുകയാണ്.

ലോകോത്തര സൗകര്യങ്ങൾ ഒരു കുടക്കീഴിൽ

ഏകദേശം 384.34 കോടി രൂപ മുടക്കി നിർമ്മിച്ച കൊച്ചിൻ ക്യാൻസർ സെന്‍റർ, സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ മേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ്. ഒരേസമയം നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണമാണ് ഉള്ളത്. അഞ്ച് അത്യാധുനിക തിയേറ്ററുകൾ ഒരുക്കിയിട്ടുണ്ട് സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 5 ഓപ്പറേഷൻ തിയേറ്ററുകൾ. ഇതിൽ ഒന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്.

മറ്റു ക്യാൻസർ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം 10,000 ചതുരശ്ര അടി സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഇടമുണ്ട്. സെന്‍റർ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ക്യാൻസർ ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ വലിയൊരു നിര തന്നെ സെന്ററിൽ ലഭ്യമാകും. ഇത് രോഗികൾക്ക് മികച്ച പരിചരണവും വേഗത്തിലുള്ള ചികിത്സയും ഉറപ്പാക്കാൻ സഹായിക്കും.

ക്യാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ പകച്ചുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കോ അന്യസംസ്ഥാനങ്ങളിലേക്കോ ഉള്ള ദൂരയാത്രകളും വൻകിട ആശുപത്രികളിലെ ഭീമമായ ചികിത്സാ ചിലവുകളും പല കുടുംബങ്ങളെയും തളർത്തിയിരുന്നു. മധ്യകേരളത്തിലെ രോഗികൾക്ക് ഇനി വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടേണ്ടി വരില്ല. രോഗനിർണ്ണയം മുതൽ ഗവേഷണം വരെ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ, ക്യാൻസറിനെതിരായ പോരാട്ടത്തിൽ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാവുകയാണ്. അത്യാധുനിക യന്ത്രസാമഗ്രികൾക്കൊപ്പം പുതുതായി നിയോഗിക്കപ്പെടുന്ന 159 ഓളം ആരോഗ്യപ്രവർത്തകരുടെ കരുതൽ കൂടി ചേരുന്നതോടെ കൊച്ചിൻ ക്യാൻസർ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.