
പയ്യന്നൂർ: ഭിന്നശേഷിക്കാരിയെ തെയ്യം കാണാൻ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി. ഭിന്നശേഷിക്കാരിയായ സുനിതയെ വീട്ടിലെത്തി കണ്ട് മുച്ചിലോട്ട് കമ്മറ്റി ഖേദം അറിയിച്ചു. ആചാരക്കാരന് സംഭവിച്ച വീഴ്ചയാണെന്ന് കമ്മറ്റി അംഗങ്ങൾ സുനിതയോട് പറഞ്ഞു. സുനിതയെ തെയ്യത്തിനടുത്ത് കടത്തിവിടണമായിരുന്നു. വീൽ ചെയർ ഒരു വാഹനമായി കണ്ടാണ് ആചാരക്കാരൻ അനുമതി നൽകാതിരുന്നത്. ഇത് ആചാരക്കാരന് പറ്റിയ വീഴ്ചയായി കമ്മറ്റി കാണുന്നുവെന്നും അവർ വ്യക്തമാക്കി.
പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തന്നോട് വിവേചനം കാണിച്ചെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. മനസിലെ ഭഗവതിയുടെ ചിത്രം കാൻവാസിലേക്ക് പകർത്തിയാണ് സുനിത ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് കോറോം മുച്ചിലോട്ട് പ്രധാന ആചാരക്കാരനായ കാരണവർ, വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും സുനിതയെ വിലക്കിയത്.
എല്ലുകൾ പൊടിയുന്ന എസ് എം എ രോഗം ബാധിച്ച് ശരീരം തളർന്നെങ്കിലും മനക്കരുത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചയാളാണ് സുനിത. പിജി വരെ പഠിച്ച ഇവർ നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. രാജ്യാന്തര സംഘടകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നയാളാണ് സുനിത. തനിക്ക് നേരിട്ട ഈ വിവേചനം സുനിതയ്ക്ക് ഒട്ടും അംഗീകരിക്കാനാകുന്നില്ല. ദുർബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്ന് സുനിത ചോദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam