
കൊച്ചി: കോതമംഗലത്തെ സോനയുടെ മരണത്തില്‍ പ്രതികരിച്ച് കത്തോലിക്ക കോൺഗ്രസ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെടുന്നത്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്, പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത് എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നു.
വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചുവെന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിന് പിറകിൽ സംഘടിത സംവിധാനങ്ങൾ ഉണ്ട് എന്ന് സൂചന നൽകുന്നു. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കത്തോലിക്കാ കോൺഗ്രസ് വാർത്താക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോൾ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചതായാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സംഭവത്തെ തുടർന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.