കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റിൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി

Published : Aug 11, 2025, 02:59 PM IST
SUICIDE

Synopsis

പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയ പൊലീസ് റമീസിനെ അറസ്റ്റ് ചെയ്തു. റമീസിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. സഹോദരൻ ബേസിലിന്റെയും അമ്മ ബിന്ദുവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

സോനയുടെ ആത്മഹത്യയിൽ ഇന്ന് രാവിലെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത റമീസ് ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ എല്ലാം സമ്മതിച്ചു. ഇരുവരും തമ്മിൽ നടന്ന വാട്സ്അപ്പ് ചാറ്റുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോൾ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മർദിച്ച കാര്യവും സമ്മതിച്ചു. 

കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി, മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ സോനയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് മർദിച്ച കാര്യം സോന തന്റെ സുഹൃത്തിനോടും പറഞ്ഞിരുന്നു. കുറിപ്പിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ റമീസിന്റെ ബന്ധുക്കളെയും പ്രതിച്ചേർക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ആത്മഹത്യ കുറിപ്പ് സോന തന്നെ റമീസിന്റെ ഉമ്മക്ക് അയച്ചു കൊടുത്തിരുന്നു. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണം ഉയരുമ്പോഴും അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തുന്നതിലേക്ക് ഇതുവരെ പൊലീസ് എത്തിയിട്ടില്ല. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അതും പരിഗണനയിലുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസിലെ എല്‍ദോസിന്‍റെയും ബിന്ധുവിന്‍റെ മകളാണ് സോന. ടിടിസി വിദ്യാര്‍ഥിനിയായ സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണണെന്ന് ആദ്യമുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു.

സോന മതം മാറാന്‍ ഒടുവില്‍ തയ്യാറായി. അതിനിടെയാണ് മൂന്ന് മാസം മുന്‍പ് സോനയുടെ അച്ഛന്‍ എല്‍ദോസ് വീടിനടുത്തുള്ള കുളത്തില്‍ മുങ്ങി മരിച്ചത്. അച്ഛന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന ഒരു വര്‍ഷം കഴിഞ്ഞുമതി വിവാഹമെന്ന് റമീസിന്‍റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ റമീസിനും കുടുംബത്തിനും അത് സമ്മതമായിരുന്നില്ല. സോന ഉടന്‍ പൊന്നാനിയില്‍ പോയി മതം മാറണമെന്നും റമീസിന്‍റെ വീട്ടില്‍ തന്നെ താമസിക്കണമെന്നും പുറത്ത് പോകരുതെന്നും റമീസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിര്‍ബന്ധം പിടിച്ചു. അതിനിടെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതറിഞ്ഞതോടെ റമീസിനെ സോന ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ സോന സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയ്യാറല്ലെന്നും രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു.

രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് സോനയെ തന്‍റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്‍റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആതഹത്യ കുറിപ്പിൽ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. റമീസും സോനയും തമ്മിലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസിന് കിട്ടി.

ഒടുവില്‍ വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കില്ല, അപ്പന്‍റെ മരണം തളർത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു. ‌ഞാന്‍ അപ്പന്‍റെ അടുത്തേക്ക് പോകുവാ എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് സോന ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കി. ആത്മഹത്യ കുറിപ്പ് സോന റമീസിന്‍റെ ഉമ്മക്ക് അയച്ചു കൊടുത്തിരുന്നു. ഉമ്മ ഇത് സോനയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തു. ബിന്ദു വീട്ടിലെത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത കോതമംഗലം പൊലീസ് റമീസിനെ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി