
മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോട്ടക്കല്‍ എംഎല്‍എ. സര്‍ക്കാരിന്‍റെ മുന്നൊരുക്കമില്ലായ്‍മയുടെ ഇരയാണ് ആത്മഹത്യ ചെയ്ത കുട്ടിയെന്നായിരുന്നു എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങളിന്‍റെ വിമര്‍ശനം. കുട്ടികള്‍ക്ക് സൗകര്യം ഉറപ്പ് വരുത്തണമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.
വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മഹത്യ ചെയ്ത ദേവിക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്‍തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ദേവികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam