ഉറക്കത്തിൽ കാലിൽ എന്തോ തട്ടിയതുപോലെ തോന്നി, ഉണര്‍ന്നപ്പോൾ കണ്ടത് ആൾരൂപം, എത്തിയത് കുപ്രസിദ്ധ മോഷ്ടാവ്, പിടിയിൽ

Published : Jun 23, 2025, 07:39 PM IST
theft

Synopsis

കോട്ടക്കലിൽ വീടുകളിൽ മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് എരുമാട് ജോസിനെ പോലീസ് പിടികൂടി.

കോട്ടക്കൽ: ആൾതാമസമുള്ള വീടുകളുടെ വാതിലുകളും ജനൽ വാതിലുകളും കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്ന തമിഴ്നാട് നീലഗിരി സ്വദേശിയായ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ജോസ് മാത്യു എന്ന എരുമാട് ജോസിനെ (52) കോഴിക്കോട് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം ഡിവൈഎസ്പി കെഎം ബിജുവിൻ്റെയും കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീതിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോട്ടക്കലിലെ കവർച്ചയും അന്വേഷണവും

കഴിഞ്ഞ മാസം 11-ന് പുലർച്ചെ കോട്ടക്കൽ എടരിക്കോട് പനക്കൽ കുണ്ടിലുള്ള മമ്മദിന്റെ വീട്ടിലുണ്ടായ കവർച്ചയെ തുടർന്നാണ് ജോസ് മാത്യുവിനെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായത്. വീടിൻ്റെ മുൻവശത്തെ വാതിൽ പ്രത്യേക ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് മുകൾനിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മമ്മദിന്റെ ഭാര്യ സിസിലയുടെ കാലിലെ രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. രണ്ടാമത്തെ പാദസരം എടുക്കുന്നതിനിടെ സിസില ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി വീട്ടിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.

തുടർന്ന് മമ്മദിൻ്റെ പരാതിയിൽ കോട്ടക്കൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും, മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കളവ് നടത്തിയത് എരുമാട് ജോസ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ കോഴിക്കോടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ടൗണിലെ നൂറിലധികം ലോഡ്ജുകളിൽ പരിശോധന നടത്തി. ഒടുവിൽ കോഴിക്കോട് പാളയം കോട്ടപ്പറമ്പിലുള്ള ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.

ദീർഘകാല ക്രിമിനൽ പശ്ചാത്തലം

15-ആം വയസ്സിൽ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ജോസ് മാത്യു, വയനാട്ടിലെ പുൽപ്പള്ളിയിൽ വീട്ടുജോലി ചെയ്യുന്നതിനിടെ 18-ആം വയസ്സിൽ ഒരു ചെറിയ മോഷണ കേസിൽപ്പെട്ട് വൈത്തിരി ജയിലിൽ തടവിലായി. ജയിലിൽ വെച്ച് കുപ്രസിദ്ധ മോഷ്ടാവ് വാകേരി മോഹനുമായി പരിചയപ്പെട്ടതോടെയാണ് ജോസ് മോഷണരംഗത്ത് സജീവമായത്.

2002-ൽ വയനാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ നാസർ, സലാം എന്ന കിംഗ് സലാം എന്നിവരുമായി ചേർന്ന് താമരശ്ശേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് ഏഴ് കിലോ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. പിന്നീട് 2003-ൽ കോഴിക്കോട് സ്വദേശികളായ ഹാരിസ്, ബാബു എന്നിവരുമായി ചേർന്ന് കോഴിക്കോട് നടക്കാവിലുള്ള മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് 3 കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 70-ഓളം മോഷണക്കേസുകളിൽ ജോസ് മാത്യു പ്രതിയായിട്ടുണ്ട്.

ആഡംബര ജീവിതവും നിക്ഷേപങ്ങളും

മോഷണം നടത്തി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിറ്റ്, ആ പണം ഉപയോഗിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുകയും ആഡംബര ജീവിതം നയിക്കുകയും ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ, താമരശ്ശേരി, കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലും സമാനമായ മോഷണങ്ങൾ നടത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി സംസ്ഥാനത്ത് മറ്റ് സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതിയെ പിടികൂടുന്ന സമയത്ത് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് കഠാര, മരം തുരക്കാൻ ഉപയോഗിക്കുന്ന ഡ്രിൽ ബിറ്റ് വെൽഡ് ചെയ്ത പ്രത്യേക ഉപകരണം, കട്ടിംഗ് പ്ലെയർ, സ്ക്രൂ ഡ്രൈവർ, മുഖം മൂടി, പെൻ ടോർച്ച്, കൈയുറ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ, ഡിവൈഎസ്പി കെ.എം. ബിജു, കോട്ടക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. സംഗീത്, സബ് ഇൻസ്പെക്ടർമാരായ സൈഫുള്ള.പി.ടി, സുരേഷ് കുമാർ.എം, പോലീസ് ഉദ്യോഗസ്ഥരായ ജിനേഷ്, ബിജു, സുധീഷ്, വിഷ്ണു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, ഷാഫി പറമ്പത്ത്, രഞ്ജിത്ത് രാജേന്ദ്രൻ, ബിജു.വി.പി, ജസീർ.കെ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി