ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും രജീഷ് കുമാര്‍ പറഞ്ഞു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ (Government Medical College Kottayam) നിന്ന് നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിശദീകരണവുമായി ഡെ.സൂപ്രണ്ട് ഡോ. ആര്‍ രജീഷ് കുമാര്‍. അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ തട്ടിയെടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രജീഷ് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും രജീഷ് കുമാര്‍ പറഞ്ഞു. കുട്ടിയെ കൊടുത്തുവിട്ട ശേഷം ഷോ കാണിക്കുന്നോ എന്ന് ജീവനക്കാരൻ ചോദിച്ചെന്നായിരുന്നു കുടുംബം ആരോപിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതുവെന്ന യുവതി തട്ടിയെടുത്തത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.