
കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാർ. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾ മുതൽ 29 വരെയുമാണ് റദ്ദാക്കുന്നത്.
കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ പ്രധാനമാണ്. മലബാറിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ് കണ്ണുംപൂട്ടിയുള്ള ട്രെയിൻ റദ്ദാക്കൽ. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ പരശുറാം എക്സ്പ്രസും കണ്ണൂർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച് വർധിപ്പിച്ചും യാത്രാക്ലേശം കുറക്കാം. പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. സമാന സജ്ജീകരണങ്ങളായില്ലെങ്കിൽ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം വരും ദിവസങ്ങളിൽ ഇരട്ടിയാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam