
കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോര്‍ജ്ജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യുഡിഎഫ്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നാണ് യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പത്രിക തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നേരം നാല് മണിയോടെയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
ഫ്രാൻസിസ് ഇ ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ പത്ത് വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമെന്നും യുഡിഎഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിൻ്റെ പത്രികയിലെ ഒപ്പുകളിലും യുഡിഎഫ് സംശയം ഉന്നയിച്ചു.
'ഫ്രാൻസിസ് ജോര്‍ജ്ജു'മാരുടെ പിന്നിൽ എൽഡിഎഫ്, തളളണം; യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ 'ഫ്രാൻസിസ് ജോര്‍ജ്ജു'മാരുടെ പിന്നിൽ എൽഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ് ആരോപിച്ചു. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ് ആരോപണം.രണ്ട് അപരന്മാരുടെയും സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് വെല്ലുവിളിയാണ്. ജനാധിപത്യം അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും എൽഡിഎഫിന് പരാജയ ഭീതിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തി. അപരന്മാരെ നിർത്തിയത് എൽഡിഎഫ് അല്ലെങ്കിൽ ഇരുവരെയും പാർട്ടികളിൽ നിന്ന് പുറത്താക്കണമെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു.