കേരള സ്റ്റോറി സിനിമ വിവാദം: 'സിനിമ പ്രദർശനം തടയണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം

Published : Apr 05, 2024, 02:30 PM ISTUpdated : Apr 05, 2024, 04:11 PM IST
കേരള സ്റ്റോറി സിനിമ വിവാദം: 'സിനിമ പ്രദർശനം തടയണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം

Synopsis

സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. മുന്‍പില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നത് വ്യാപക പ്രചാരണം നല്‍കുന്നുവെന്നും സിപിഎം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ ദൂരദർശനില്‍ പ്രദർശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎമ്മും . സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് കമ്മീഷന് പരാതി നല്‍കിയത്. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദർശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി സിപിഎം കുറ്റപ്പെടുത്തി. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും മുന്‍പില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് വ്യാപക പ്രചാരണം നല്‍കുന്നുവെന്നും സിപിഎം ആരോപിച്ചു. 

കേരള സ്റ്റോറി സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. സിനിമ തടയണമെന്ന നിലപാടാണ് ഫാസിസമെന്നായിരുന്നു ബിജെപി പ്രതികരണം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് രാത്രി എട്ടിന് ദൂരദർശൻ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതാണ് കേരള സ്റ്റോറിയിലെ പുതിയ വിവാദം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്നലെ മുതൽ ദൂരദർശനെതിരെ കടുത്ത ഭാഷയിൽ രംഗത്ത് വന്നു. ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയലാഭത്തിനുള്ള സംഘപരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ധ്രൂവീകരണനീക്കവും പെരുമാറ്റച്ചട്ടലംഘനവും ഉന്നയിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാതി.

അതേസമയം സിനിമക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി രം​ഗത്തെത്തി. കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തു എന്ന് വരെ പ്രചരിപ്പിച്ചുള്ള ചിത്രം റിലീസ് കാലത്ത് തന്നെ വിവാദമായിരുന്നു. 200 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഒടിടി റിലീസും കടന്നാണ് സിനിമ ഇപ്പോൾ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം