
പത്തനംതിട്ട: ജസ്ന തിരോധാന കേസിൽ സിബിഐ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി. സിബിഐ റിപ്പോർട്ട് തള്ളണമെന്ന ജസ്നയുടെ അച്ഛന്റെ ഹർജിക്കെതിരെയാണ് സിബിഐ വിശദീകരണം നൽകിയത്. ജസ്നയുടെ അച്ഛൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാന രഹിതമായ മൊഴികള്‍ തള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു.
ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജസ്നയുടെ അച്ഛന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട കോടതിയെ സമീപിച്ച ജസ്നയുടെ നാട്ടുകാരൻ രഘുനഥൻ നായരുടെ വാദവും നടന്നു. നിയമപരമായി നിൽക്കാത്ത ഹർജി തളളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ലേക്ക് മാറ്റി.
ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അതിനാൽ ജസ്നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തിൽ സിബിഐ നൽകുന്ന വിശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്.
അഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.
എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി.
പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു.
വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നിലെ അന്തർസംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി. പക്ഷേ മരിച്ചു എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്.
ജസ്ന തിരോധാനക്കേസ്; 'സിബിഐ റിപ്പോര്‍ട്ട് തള്ളണം', കോടതിയെ സമീപിച്ച് ജസ്നയുടെ അച്ഛൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam