ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയത്. 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.

ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ അമ്മക്ക് കൈമാറി. പൊലീസ് നടത്തിയ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് കുട്ടിയെ കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ കളമശേരി സ്വദേശിയാണ്.