
കോട്ടയം: കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലെന്ന് പരാതി. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പഴയ കെട്ടിടത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്‍റെ സിമന്‍റ് പാളികള്‍ മുറികള്‍ക്കുള്ളിൽ അടര്‍ന്നുവീഴുകയാണ്.
പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്‍റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോർഡുകളിൽ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‍ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഒരു വർഷം മുമ്പ് വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്ല കെട്ടിടം പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർക്ക് പലതവണ കത്ത് കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ഏതു നിമിഷവും തകരുന്ന നിലയിലാണ് കെട്ടിടം എന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
ജില്ലാ കളക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങൾ തുടരും.
വിവിധ പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. എന്നാൽ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങൾ ശക്തമായി തുടരാനാണ് പ്രതിപക്ഷ സംഘടകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam