
കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നഴ്സിംഗ് കോളേജിലേത് ക്രിമിനലുകൾ കാണിച്ച തോന്ന്യവാസം. അത് എസ്എഫ്ഐയുടെ മുകളിൽ ചാരി വെയ്ക്കരുതെന്നും ആർഷോ പറഞ്ഞു. നഴ്സിംഗ് കോളേജിലെ സംഘടനയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയ്ക്ക് നഴ്സിംഗ് കോളേജിൽ യൂണിറ്റില്ലെന്നും ആർഷോ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് മനുഷ്യമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്ത റാഗിംഗാണ്. ക്യാമ്പസിൽ അരാജകത്വം കടന്നുവരുന്നത് ഗൗരവത്തോടെ കാണണം. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി വേണം. വിദ്യാർത്ഥികളെ ഡീബാർ ചെയ്യണം. ഇനി ഒരാളും ഇത് ചെയ്യാൻ പാടില്ലാത്ത നിയമനടപടി ഉണ്ടാകണം. എല്ലാവരും ഒറ്റക്കെട്ടായി നേരിടേണ്ട പ്രശ്നമാണ് റാഗിംഗ്. പ്രതികളിൽ ഒരാൾ കെജിഎസ്എൻഎ യുടെ ഒരാൾ എന്ന് പ്രചരിക്കുന്നത് മാധ്യമങ്ങളിൽ കണ്ടു. ഈ സംഘടനയ്ക്ക് എസ്എഫ്ഐ യുമായി ബന്ധമില്ലെന്നും ആർഷോ പറഞ്ഞു.
ഏതോ ക്രിമിനലുകൾ കാണിച്ച തോന്ന്യവാസമാണ് കോട്ടയത്തു നടന്നത്. അത് എസ്എഫ്ഐയുടെ മുകളിൽ ചാരി വെക്കരുത്. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കു മുമ്പിൽ തലകുനിച്ചു നിൽക്കും. കൊതുകിന്റെയും മൂട്ടയുടെയും സ്വഭാവം ആണ് കെഎസ്‍യു, എംഎസ്എഫ് സംഘടനകൾക്ക്. എവിടെ പോയാലും ചോര വേണം. കൊതുക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആയി കെഎസ്‌യു മാറി. ചില കുളം കലക്കികൾ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയണം. കെപിസിസി പ്രസിഡന്റിന്റെ പ്രചരണം ചില വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്തു. അത്തരം പ്രചരണം ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാണ്. മാധ്യമങ്ങൾ കുത്തും കോമയും ചേർത്ത് കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ആർഷോ കുറ്റപ്പെടുത്തി.
കുറ്റവാളികൾക്ക് എസ്എഫ്ഐയുമായി ബന്ധമില്ല. പ്രസ്തുത സംഘടന എസ്എഫ്ഐയുടെ ഭാഗമല്ല. സംഘടനയ്ക്ക് കോളേജിൽ യൂണിറ്റ് ഇല്ല. കുറ്റവാളികളെ എസ്എഫ്ഐ ആക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് തെറ്റായ പ്രചരണമാണ്. രാഹുൽരാജ് എസ്എഫ്ഐ വണ്ടൂർ ലോക്കൽ കമ്മിറ്റിയുടെ ഭാരവാഹിയല്ല. കെജിഎസ്എൻഎയ്ക്ക് എസ്എഫ്ഐ യുമായി ബന്ധമില്ലെന്നും ആർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ എസ്എഫ്ഐക്ക് നിരവധിയായ ആശങ്കകളുണ്ട്. ഇക്കാര്യങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തണം. ചർച്ച വേണം. ടിപി ശ്രീനിവാസന് നേരെ ഉണ്ടായ കയ്യേറ്റം മഹാഅപരാധമായി തോന്നുന്നില്ലെന്നും ആർഷോ പറഞ്ഞു. പ്രകോപനം ഉണ്ടായപ്പോൾ ഉള്ള പ്രതികരണം മാത്രമാണ് അന്ന് ഉണ്ടായത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ചു. അതേ തുടർന്നുള്ള പ്രതികരണം ആയിരുന്നു അത്. വിദേശ സർവകലാശാലകളുടെ വരവിനെ എസ്എഫ്ഐ സംശയത്തോടെയും ഗൗരവത്തോടെയും ആണ് കാണുന്നതെന്നും ആർഷോ കൂട്ടിച്ചേർത്തു.