കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

Published : Feb 14, 2025, 02:43 PM IST
കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

Synopsis

ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ.

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ വ്യത്യസ്ത കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മൂന്ന് പേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. തിടമ്പേറ്റി എഴുന്നള്ളി മുന്നിൽ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുൽ പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ സംഘർഷം ഉണ്ടാകാൻ കാരണം. ഗോകുലനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്. 

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു. അതേസമയം, നാട്ടാന പരിപാലന ചട്ടത്തിന്‍റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. ഈ നിർദ്ദേശം ലംഘിക്കപ്പെട്ടതി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. 

അതിനിടെ, അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ  കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പൂർത്തിയായി. ഉച്ചതിരിഞ്ഞ് കൊയിലാണ്ടിയിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാര ചടങ്ങുകൾ. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ആകെ 32 പേർക്ക് ആയിരുന്നു പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും