
കോട്ടയം: വെള്ളൂരിൽ വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വന്ന യുവാവ് വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. ഇറുമ്പയം സ്വദേശി കെ.പി അനന്തുവാണ് കഴിഞ്ഞ മൂന്ന് വർഷമായി വീടിന് പുറത്തിറങ്ങാൻ കഴിയാതെ ദുരിത ജീവിതം അനുഭവിക്കുന്നത്. നവകേരള സദസിലടക്കം കൊടുത്ത പരാതിയിൽ നടപടി എടുക്കാൻ വെള്ളൂർ പഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും പരിഹാരം ഒന്നുമുണ്ടായില്ല.
മൂന്നര വർഷം മുൻപാണ് അനന്തുവിൻ്റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. അമ്മ റീനയെ ജോലിസ്ഥലത്തേക്ക് ആക്കാൻ പോയ അനന്തുവിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അമ്മയും മകനും തെറിച്ചു റോഡിൽ വീണു. റീനയ്ക്ക് കാര്യമായ പരുക്ക് ഉണ്ടായില്ല. അനന്തുവിന്റെ കാല് മൂന്നായി ഒടിഞ്ഞു. രക്തസ്രാവം നിൽക്കാതെ വന്നതോടെ ഇടതുകാൽ പൂർണമായി മുറിച്ചു മാറ്റി. ഒരു കാൽ ഇല്ലാതെ വന്നതോടെയാണ് അനന്തുവും കുടുംബവും വീട്ടിലേക്കുള്ള വഴിയുടെ ദുരിതം അറിഞ്ഞു തുടങ്ങിയത്.
ചെങ്കുത്തായ ഇറക്കം ഇറങ്ങേണ്ട വീട്ടിലേക്കുള്ള വഴിയിൽ വാഹനങ്ങളൊന്നും എത്താത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയാണ്. പഞ്ചായത്ത് പ്രസിഡന്‍റ് മുതൽ മുഖ്യമന്ത്രിക്ക് വരെ അനന്തുവിന്റെ അച്ഛൻ പോൾസൺ പരാതി നൽകി. ഉടൻ പരിഹരിക്കുമെന്ന വാക്കുകളും രേഖകളും ഒട്ടേറെ ലഭിച്ചു. പക്ഷെ വാക്കുകൾക്ക് പുറത്ത് പേപ്പർ കെട്ടുകളടുക്കി നിരത്തിയാൽ നടക്കാൻ പറ്റില്ലല്ലോ എന്നാണ് അനന്തു ചോദിക്കുന്നത്. അനന്തുവിനൊരു മുച്ചക്ര സ്കൂട്ടറുണ്ട്. അത് ഇരിക്കുന്ന ഇടത്തേക്ക് എത്തണമെങ്കിൽ ഇപ്പോൾ വീടിനടുത്തുള്ള റബർ തോട്ടങ്ങളൊക്കെ കടന്ന് ഏറെ ദൂരം നടക്കേണ്ട സ്ഥിതിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam