
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും സമീപത്തുള്ള മറ്റ് ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ട താണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക.
ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാ സൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാ സൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.
ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസ് (WAPCOS)നെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
തസ്തിക
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ (ഇംഗ്ലീഷ്) വിഭാഗത്തില്‍ 110 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഈ അധ്യയന വര്‍ഷത്തേക്കാണ് ഇത്. 2017 ലെ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അധികമായതും നിലവില്‍ സര്‍വ്വീസില്‍ തുടരുന്നതുമായ തസ്തികകളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കേണ്ട 47 തസ്തികകളും ഉള്‍പ്പെടെയുള്ളതാണ് 110 തസ്തികകള്‍. സ്ഥിരം ഒഴിവ് വരുമ്പോള്‍ ഇവര്‍ക്ക് പുനര്‍ നിയമനം നല്‍കും.
ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കൊല്ലം പുന്നല വില്ലേജ് ഓഫീസറായ അജികുമാര്‍ റ്റിയുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam