
തിരുവനന്തപുരം: കോവളത്ത് മദ്യവുമായി (Kovalam Liqour) സ്കൂട്ടറിൽ വന്ന വിദേശിയെ തടഞ്ഞ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി (Chief Minister). സർക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രിയും (Tourism Minister) വിമർശിച്ചു. ഇത്തരം അനുഭവങ്ങള്‍ ആവർത്തിച്ചാൽ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ് നിർത്തിവേക്കേണ്ടി വരുമെന്ന് അപമാനം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് ഏഷ്യാനെറ്റ് ന്യൂസിോട് പറഞ്ഞു.
കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് പൊലീസ് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. ദേശീയതലത്തിൽ തന്നെ സംഭവം വാർത്തയായി സർക്കാർ വെട്ടിലായതോടെയാണ് മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത്. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. വിദേശിയെ അപമാനിച്ചതിൽ അന്വേഷണം വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നാലു വർഷമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം ദുരനുഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് സ്റ്റീഫന്‍റെ പരാതി. കൈവശമുള്ള മദ്യം എടുത്തെറിയെൻ പൊലീസ് ആവശ്യപ്പെട്ടെന്നാണ് പൊലീസ് തടഞ്ഞ സ്റ്റീഫൻ ആസ്ബർഗ് പറയുന്നത്. ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസുമെല്ലം കാണിച്ചിട്ടും പൊലീസ് അനുവാദം തന്നില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ വീണ്ടും ബെവ്കോയിൽ പോയി ബില്ലു വാങ്ങി കോവളം പൊലീസിനെ കാണിച്ചുവെന്നും സ്റ്റീഫൻ ആസ്ബർഗ് പറയുന്നു.
താൻ തുടങ്ങിയ ഹോംസ്റ്റേയിൽ പലരും പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് സംരക്ഷണം കോടതി അനുവദിച്ചുവെങ്കിലും അവിടെയും പൊലീസിൽ നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും സ്റ്റീവ് കുറ്റപ്പെടുത്തുന്നു.
മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാമെന്നാണ് നിയമം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിന് തിരിച്ചറിയാൻ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഉപേക്ഷിച്ചുപോകാൻ സ്റ്റീഫനോട് പൊലീസ് ആവശ്യപ്പെട്ടത്.