കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അർബുദ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലച്ചിട്ട് 4 മാസം

By Web TeamFirst Published May 12, 2019, 8:14 AM IST
Highlights

റേഡിയോളജിസ്റ്റിനെ സ്ഥലം മാറ്റിയതാണ് അർബുദ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലക്കാൻ കാരണമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ സർക്കാരിന് കീഴിലുള്ള സ്തനാർബുദ നിർണയ കേന്ദ്രമാണ് ഇങ്ങനെ അടഞ്ഞ് കിടക്കുന്നത്.

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അർബുദ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലച്ചിട്ട് 4 മാസമാകുന്നു. റേഡിയോളജിസ്റ്റിനെ സ്ഥലം മാറ്റിയതാണ് അർബുദ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലക്കാൻ കാരണമായത്. ആയിരക്കണക്കിന് രോഗികളാണ് ഇതോടെ ദുരിതത്തിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ സർക്കാരിന് കീഴിലുള്ള സ്തനാർബുദ നിർണയ കേന്ദ്രമാണ് ഇങ്ങനെ അടഞ്ഞ് കിടക്കുന്നത്. കോഴഞ്ചേരി ക്യാൻസർ നിർണയ കേന്ദ്രത്തെ പത്തനംതിട്ടകാർക്കൊപ്പം സമീപ ജില്ലയിലുള്ളവരും ആശ്രയിച്ചിരുന്നു. 

എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ച് രണ്ട് വർഷം മുൻപാണ് ഇവിടെ അത്യാധുനിക മാമോഗ്രാം മെഷീനുൾപ്പെടെ സജ്ജമാക്കിയത്. ഇതോടൊപ്പം അൾട്രാ സൗണ്ട് സ്കാനിംഗ് കേന്ദ്രവും 4 മാസമായി പ്രവർത്തിക്കുന്നില്ല. നിലവിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പകരം ആളെ നിയമിച്ചതുമില്ല.

ഒരു റേഡിയോളജിസ്റ്റ് ഒരു ജില്ലയിലെ രണ്ട് ആശുപത്രിയിൽ കൂടുതൽ ജോലി ചെയ്യേണ്ടതില്ലെന്ന സർക്കാർ ഉത്തരവും വിനയായി.സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമാണ് അർബുദ കേന്ദ്രത്തിൽ നിയമനം നടത്താത്തതിന് പിന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ജില്ലാ കലക്ടർ ചെയർമാനായ സമിതിക്കാണ് അർബുദകേന്ദ്രത്തിന്‍റെ ചുമതല. നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജില്ലാ പഞ്ചായത്ത് പരാതി നൽകിയിട്ടുണ്ട്.

 

 

click me!