
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാർക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജനറൽ മെഡിസിൻ വിഭാഗത്തിൽ കൊവിഡ് ബാധിച്ച ഡോക്ടർമാരുടെ എണ്ണം ഏഴായി ഉയർന്നു.
അതിനിടെ കൊയിലാണ്ടിയിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് ബാധിച്ച മറ്റൊരു ഒട്ടോറിക്ഷ ഡ്രൈവറുടെ 7 ബന്ധുക്കൾക്കുമാണ് ഇന്ന് രോഗബാധയുണ്ടായത്.
കോഴിക്കോട് ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മരക്കാർ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ആദ്യം ചികിത്സയ്ക്കെത്തിയ കക്കട്ടിലിലെ കരുണ ക്ലിനിക്ക് അടച്ചു. മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇയാളെ ചികിത്സിച്ച തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഡോക്ടറോടും നഴ്സിനോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam