
കോഴിക്കോട്: മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച് കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തില്‍. കരാർ നൽകി ഒരു വർഷം കഴിഞ്ഞിട്ടും പ്രാരംഭ ജോലികൾ പോലും തുടങ്ങിയില്ല.
പദ്ധതി ഏറ്റെടുത്ത സ്വകാര്യ കമ്പനി നൽകിയ സാമ്പത്തിക പാക്കേജിന് ദേശീയപാത അതോറിറ്റി ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറ് വരിപ്പാതയാക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലമേറ്റെടുത്ത്, ടെൻഡർ പൂർത്തിയാക്കി, കഴിഞ്ഞ വർഷം ഏപ്രിലിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാർ നൽകി.
28 കിലോമീറ്റർ ദൂരം ആറ് വരിയാക്കാൻ 1710 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ പദ്ധതിക്കാവശ്യമായ പണം കണ്ടെത്താൻ കമ്പനി നൽകിയ പാക്കേജ് ദേശീയപാത അതോറിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനുശേഷം മാത്രമെ നിർമ്മാണത്തിനുള്ള അന്തിമ അനുമതി നൽകൂ.
നിർമ്മാണ അനുമതി നൽകിയാലും മഴക്കാലം കഴിഞ്ഞ്, ഓഗസ്റ്റിൽ മാത്രമെ ജോലികൾ തുടങ്ങൂവെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ പ്രാരംഭ ജോലികൾ തുടങ്ങുമ്പോൾ തന്നെ നിലവിലെ കരാർ കാലാവധി തീരും. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. പക്ഷെ ഇക്കാര്യങ്ങളിലെല്ലാം തീരുമാനം വൈകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam