
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടിൽ പ്രതിക്ക് ജാമ്യമനുവദിച്ചതിൽ പൊലീസിന്‍റെ ഒത്തുകളിയെന്ന് ആരോപണം. കെട്ടിട ഉടമയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡർ ജില്ലാ കോടതിയിൽ അടുത്ത ദിവസം അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ നൽകുന്ന കാര്യത്തിൽ പോലും അന്വേഷണ സംഘം അലംഭാവം കാണിച്ചെന്നാണ് കോർപ്പറേഷൻ്റെ ഭാഗത്ത് നിന്നുള്ള വിമർശനം.
അനധികൃതമായി കെട്ടിടനമ്പർ അനുവദിച്ച സംഭവത്തിലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ കെട്ടിട ഉടമ അബൂബക്കർ സിദ്ധിഖ്, രണ്ട് ജീവനക്കാർ എന്നിവരുൾപ്പെടെ 7 പേർ അറസ്റ്റിലായത്. കേസില്‍ അബൂബക്കര്‍ സിദ്ദീഖിന് മാത്രമാണ് ജാമ്യം കിട്ടിയത്. പ്രോസിക്യൂഷൻ എതിർക്കാത്തതാണ് ജാമ്യം കിട്ടാൻ കാരണമെന്നാണ് ആരോപണം. അബൂബക്കര്‍ സിദ്ദീഖിന് ജാമ്യം കിട്ടും വരെ പൊലീസ് കസ്റ്റഡി അപേക്ഷ വൈകിച്ചെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് വീഴ്ചക്കെതിരെ ജില്ലാ കോടതിയെ സമീപിക്കാനാണ് ഗവണ്‍മെന്‍റ് പ്ലീഡറുടെ തീരുമാനം.
കോർപ്പറേഷനിലെ ക്ലർക്കുമാരായ അനില്‍ കുമാര്‍, സുരേഷ്, എന്നിവരെ മാത്രമാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കുറ്റകൃത്യത്തിൽ തുല്യ പങ്കാളിത്തമുളള ഉടമയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. ഇത് പൊലീസിന്‍റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. കോർപ്പറേഷൻ ഒന്നാകെ പ്രതിക്കൂട്ടിലായ സംഭവത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടാൻ പൊലീസ് വഴിയൊരുക്കിയത് തിരിച്ചടിയായെന്ന് ഉദ്യോഗസ്ഥരും ഗവൺമെന്റ് പ്ലീഡറെ ധരിപ്പിച്ചിട്ടുണ്ട്.
കോടതിവിധിയുടെ പകർപ്പ് കിട്ടിയ ശേഷം ജാമ്യം റദ്ദാക്കാൻ ഗവൺമെന്റ് പ്ലീഡർ ജില്ലാ കോടതിയെ സമീപിക്കുമെന്നാണ് വിവരം. എന്നാൽ കെട്ടിട ഉടമക്ക് ജാമ്യം കിട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ നിലപാട്. വ്യാജ രേഖ ചമക്കൽ ഉൾപ്പെടെ നടത്തിയത് ഉദ്യോഗസ്ഥരാണ്. ഇടനിലക്കാർക്കോ, കെട്ടിട ഉടമയ്ക്കോ ഇതിൽ പൂർണമായി പങ്കില്ല. അതിനാലാണ് ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം കസ്റ്റഡി അപേക്ഷ നൽകിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam