രാഹുൽ ​ഗാന്ധിയുടെ മണ്ഡലപര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ ഒരുക്കിയിട്ടുള്ളത് കർശന സുരക്ഷ

By Web TeamFirst Published Jul 2, 2022, 2:10 AM IST
Highlights

രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ (Rahul Gandhi MP) മണ്ഡല പര്യടനം (constituency tour) ഇന്നും തുടരും. രാവിലെ 11ന് വയനാട് (Wayanad) നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് (Malappuram) തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

അതേസമയം, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെ ഇന്നലെ 
ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി രാഹുൽ ഗാന്ധി നയിച്ചു. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളിൽ തന്നെ അക്രമമുണ്ട്. അക്രമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ഇരു കൂട്ടരുടെയും ശ്രമം.

എസ്എഫ്ഐക്കാർ വച്ച വാഴ കസേരയിൽ നിന്ന് സ്വയം മാറ്റി രാഹുൽ ​ഗാന്ധി; ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു

ഇ‍ഡി ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. എന്നാൽ എന്‍റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24 നാണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ്എഫ്ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. 

'എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്'; അക്രമം നടത്തിയത് കുട്ടികൾ, ദേഷ്യമില്ലെന്ന് രാഹുൽ

click me!