
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് സ്ഥിരീകരണം. വിഎം വിനുവിന് 2020ലും വോട്ട് ഉണ്ടായിരുന്നില്ലെന്നും പട്ടികയിൽ പേര് ചേര്‍ക്കാനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി. അതിനാൽ തന്നെ കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അസി. റിട്ടേണിംഗ് ഓഫീസര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നൽകും. വി എം വിനുവിനു 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ഉണ്ടായിരുന്നില്ലെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. 2020ൽ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.
അന്നത്തെ വോട്ടർ പട്ടികയിലും വി എം വിനു ഉൾപ്പെട്ടിരുന്നില്ല. വി എം വിനുവിന് നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്നും മെഹബൂബ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിനു വോട്ടുചെയ്തെന്ന വാദം ആവർത്തിച്ച് ഡിസിസി നേതൃത്വം രംഗത്തെത്തി. വോട്ട് ചെയ്തിരുന്നെന്ന വാദം വിനുവും ആവര്‍ത്തിച്ചു. അന്നത്തെ വോട്ടർ പട്ടിക ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ ഇല്ലെന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ആരോപിച്ചു. അതേസമയം, കോഴിക്കോട് കോര്പറേഷൻ 19 ആം വാർഡ് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകമ്മനക്കണ്ടിയുടെ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വിനുവിന്‍റെയും ബിന്ദുവിന്‍റെയും കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam