'സർക്കാരിന്‍റെ കണ്ണ് ഭക്തരുടെ കാണിക്കയിലും വിലപിടിപ്പുള്ള സമ്പത്തിലും'; ശബരിമലയിൽ സംവിധാനങ്ങളെല്ലാം പാളിയെന്ന് രമേശ് ചെന്നിത്തല

Published : Nov 18, 2025, 05:08 PM IST
Ramesh Chennithala

Synopsis

ശബരിമല മണ്ഡലകാലം തുടങ്ങി മണിക്കൂറുകൾക്കകം സർക്കാർ സംവിധാനങ്ങൾ പാളിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കൊള്ളയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണ് മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ തീർഥാടകരല്ല സർക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയിൽ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഈ തീർഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയിൽ കേന്ദ്ര സേനയുടെ സേവനം ശബരിമലയിൽ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ല.

ഒരു ലക്ഷത്തിലധികം ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് സംവിധാനം സർക്കാർ ഒരുക്കിയില്ല. കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീർഥാടകരെ സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആർടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലിൽ തീർഥാടകരെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തു വിടുന്നത്.

ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിന്‍റെ ഭരണ കാലത്ത് ഒരു വർഷം പോലും ശബരിമലയിൽ സ്വസ്ഥമായ തീർഥാടനം ഉണ്ടായില്ല. യുവതീ പ്രവേശനത്തിലൂടെ ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ പിന്നീടു ദേവന്‍റെ സ്വത്തായ സ്വർണം കവർച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്ക് കളങ്കമുണ്ടാക്കി. ഇപ്പോൾ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീർഥാടന കാലത്ത് അപകടകരമായ തരത്തിൽ തീർഥാടകരെ കടത്തിവിട്ട് വീണ്ടും വൻ പ്രതിസന്ധിയാണു സൃഷ്ടിച്ചത്.

ശബരിമലയുടെ കാര്യത്തിൽ നിരന്തരം വെല്ലുവിളി ഉയർത്തുന്ന സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തികഞ്ഞ പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. ആചാര ലംഘനങ്ങളിലും സ്വർണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീർഥാടനം ആകെ തകർന്ന സാഹചര്യത്തിൽ ഹൈക്കോടതി മുൻകൈ എടുത്ത് വിദഗ്ദ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണമെന്നും, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ