
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പൊളിയുന്നു. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന് വിവരം പുറത്തുവന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപറമ്പിൽ വോട്ട് ചെയ്തുവെന്നാണ് വിഎം വിനു ഇന്നലെ പറഞ്ഞത്. എന്നാൽ, മലാപറമ്പ് ഡിവിഷനിൽ 2020ലെ വോട്ടര്‍ പട്ടികയിലും വിഎം വിനു ഉൾപ്പെട്ടിരുന്നില്ലെന്നാണ് പുതിയ വിവരം.
ഇതിനിടെ, വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ ഇല്ലാത്ത സംഭവത്തിൽ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസിൽ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിൽ വോട്ടർ പട്ടികയിൽ പേരിലാത്ത സ്ഥാനാർഥികളായ വി എം വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു. യോഗത്തിനുശേഷം മാധ്യമങ്ങളുടെ സംസാരിച്ച ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാറും സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലും വിഎം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വാദം തള്ളി. 2020ലെ വോട്ടര്‍ പട്ടികയിൽ പേരില്ലെങ്കിൽ ആ പട്ടിക എവിടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റിൽ പോലും അത് കാണാനില്ലെന്നും ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 2020ലെ വോട്ടര്‍ പട്ടിക സൈറ്റിൽ കാണാനില്ല. കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. മുൻ വോട്ടര്‍ പട്ടിക പരിശോധിക്കാൻ പോലും കഴിയാത്ത വിധം ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 2020ൽ വിഎം വിനു മലാപറമ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കളക്ടര്‍ നൽകിയ ഉറപ്പിൽ വിശ്വസിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
താൻ 2020ൽ മലാപറമ്പിൽ വോട്ട് ചെയ്തുവെന്നും ഇപ്പോള്‍ പേര് നീക്കം ചെയ്തത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഎം വിനു പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് മത്സരിക്കാൻ തീരുമാനിച്ചശേഷം ആസൂത്രിതമായാണ് തന്‍റെ പേര് നീക്കം ചെയ്യപ്പെട്ടതെന്ന ആരോപണവും വിഎം വിനു ആവര്‍ത്തിച്ചു. നാളെ താൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടേയില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമോയെന്നും പേര് നീക്കിയത് ആസൂത്രിതമാണെന്നും വിഎം വിനു പറഞ്ഞു. വോട്ടർ പട്ടികയിൽ കോർപ്പറേഷൻ ക്രമക്കേട് നടത്തി. കോഴിക്കോട് കോർപ്പറേഷന്‍റെ കൈയിലാണ് വോട്ടര്‍ പട്ടിക. അതിൽ അട്ടിമറി നടന്നിട്ടുണ്ട്. നിയമത്തിൽ വിശ്വാസമുണ്ടെന്നും വിഎം വിനു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam