പളളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ച സംഭവം;പ്രദേശത്ത് സര്‍വേ നടത്താൻ കോർപ്പറേഷൻ

By Web TeamFirst Published Apr 8, 2022, 7:50 AM IST
Highlights

വീടുകയറിയുള്ള ആക്രമണത്തിന് പിന്നാലെ തർക്കം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ തിരക്കിട്ടുള്ള നടപടിക്കൊരുങ്ങുന്നത്. സർവേയറുടെ പക്കലുള്ള ഫയൽ ഉടൻ തിരിച്ചു വിളിപ്പിക്കും, തർക്കഭൂമി അടിയന്തരമായി അളന്നുതിട്ടപ്പെടുത്താന്‍ കോർപ്പറേഷൻ സെക്രട്ടറി ഉടന്‍ നിർദേശം നൽകും.

കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പളളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ച സംഭവത്തില്‍ തര്‍ക്ക പ്രദേശത്ത് സര്‍വേ നടത്താനൊരുങ്ങി കോഴിക്കോട് കോര്‍പറേഷന്‍. കെട്ടിട നിര്‍മാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ നോട്ടീസ് നല്‍കി രണ്ടര മാസം പിന്നിട്ടിട്ടും പള്ളി കമ്മറ്റി മറുപടി നല്‍കിയിട്ടില്ല. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ടുള്ള നടപടി.

പള്ളിയോടു ചേർന്നുള്ള ശുചിമുറിയുൾപ്പെടുന്ന കെട്ടിടത്തില്‍ എക്സ്ഹോസ്റ്റ് ഫാന്‍ സ്ഥാപിച്ചതിനെതിരെ യഹിയ 2021 ഡിസംബറിലാണ് കോർപ്പറേഷന് പരാതി നൽകിയത്. തുടർന്ന് ശുചിമുറിയുൾപ്പെടുന്ന കെട്ടിടം പൊളിച്ചു നീക്കാൻ ജനുവരി 15ന് കോർപ്പറേഷൻ പള്ളി കമ്മറ്റിക്ക് പ്രാഥമിക നോട്ടീസ് നൽകി. പ്രാഥമിക നോട്ടീസിന് 7 ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നടപടികളിലേക്ക് കടക്കാമെന്നാണ് ചട്ടം, എന്നാൽ രണ്ടര മാസം കഴിയുമ്പോഴും കോർപ്പറേഷൻ അനങ്ങിയിട്ടില്ല. 

സ്ഥലം അളന്നു തിട്ടപ്പെടുത്താനായി സർവേ വിഭാഗത്തിലേക്ക് ഫയൽ കൈമാറിയെങ്കിലും തുടർ നടപടിയുണ്ടായില്ല. വീടുകയറിയുള്ള ആക്രമണത്തിന് പിന്നാലെ തർക്കം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ തിരക്കിട്ടുള്ള നടപടിക്കൊരുങ്ങുന്നത്. സർവേയറുടെ പക്കലുള്ള ഫയൽ ഉടൻ തിരിച്ചു വിളിപ്പിക്കും, തർക്കഭൂമി അടിയന്തരമായി അളന്നുതിട്ടപ്പെടുത്താന്‍ കോർപ്പറേഷൻ സെക്രട്ടറി ഉടന്‍ നിർദേശം നൽകും. കെട്ടിടം പൊളിച്ചു നീക്കേണ്ടിവന്നാല്‍ ഇരു വിഭാഗങ്ങളെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. 

അതേസമയം തർക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾക്ക് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും യഹിയയെ വിളിച്ച് സുരക്ഷ ഉറപ്പുനല്‍കി. അതിനിടെ മാരകായുധങ്ങളുപയോഗിച്ചുള്ള അക്രമത്തിന്റെ ദൃശ്യങ്ങളടക്കം തെളിവായുണ്ടായിട്ടും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയ പന്നിയങ്കര പോലീസിനെതിരെ വിമർശനം ശക്തമാവുകയാണ്.

എന്നാല്‍ അക്രമത്തില്‍ പങ്കെടുത്ത എല്ലാവരെയും അറസ്റ്റ് ചെയ്തെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പന്നിയങ്കര സിഐയുടെ പ്രതികരണം.

click me!