തിരക്കില്ലാത്ത വേദി, അച്ചടക്കത്തോടെ സദസ്: സെമികേഡർ മോഡലിൽ കോഴിക്കോട് ഡിസിസി നേതൃയോഗം

By Asianet MalayalamFirst Published Sep 29, 2021, 12:02 PM IST
Highlights

മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസെന്ന് ചടങ്ങ് ഉദ്​ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കാലം തന്ന ദൗ‍ർബല്യം പാർട്ടിയെ ബാധിച്ചു.

കോഴിക്കോട്: കെപിസിസിയുടെ (Kerala PCC) പുതിയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന സെമി കേഡർ മാതൃകയിൽ കോഴിക്കോട് ഡിസിസിയിൽ (kozhikode dcc) പരിപാടി. കോഴിക്കോട് ഡിസിസിയുടെ നേതൃയോഗമാണ് സെമി കേഡർ മാതൃകയിൽ ചേർന്നത്. വേദിയിലിട്ട കസരേകളിൽ ഇരിക്കാനുള്ള നേതാക്കൻമാരുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. പരിപാടിയിൽ പ്രസംഗിക്കുന്നവർക്ക് മാത്രമാണ് വേദിയിൽ ഇടം നൽകിയത്. യോഗം നടക്കുന്ന ഡിസിസി ഹാളിലേക്ക് രജിസ്ട്രേഷൻ നടത്തിയാണ് ആളെ പ്രവേശിപ്പിച്ചത്. സീനിയോറിറ്റിയും പദവിയും പരിഗണിച്ച് സീറ്റ് നമ്പറിട്ടും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാണ് സദസിൽ ആളെ ഇരുത്തിയത്. 

മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസെന്ന് ചടങ്ങ് ഉദ്​ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ (K Sudhakaran) പറഞ്ഞു. കാലം തന്ന ദൗ‍ർബല്യം പാർട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തതും തിരിച്ചടിയായെന്നും സുധാകരൻ പറഞ്ഞു. നിഷ്ക്രിയരായ നേതാക്കളെ ആറു മാസത്തിൽ കൂടുതൽ ഒരു പദവിയിലും വച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ സുധാകരൻ സ്വന്തം പാ‍ർട്ടിയുടെ സ്ഥാനാ‍ർത്ഥികളെ തോൽപിക്കുന്ന നേതാക്കൻമാരെ നമ്മുക്ക് വേണോയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ പ്രവ‍ർത്തനത്തിലുമുണ്ടായ വീഴ്ച്ചകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോ‍ർട്ട് പ്രസിദ്ധീകരിക്കമെന്നും വീഴ്ച വരുത്തിയവ‍ർക്കെതിരെ നടപടിയുണ്ടാകുമെന്നും യോ​ഗത്തിൽ പ്രവർത്തകർക്ക് സുധാകരൻ ഉറപ്പ് നൽകി. പാർട്ടിക്ക് വിധേയരാകാത്ത സഹകാരികളെ വച്ച് പൊറുപ്പിക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു. 

ഫ്ലക്സ് ബോർഡുകൾ വയ്ക്കുന്നതിന് പകരം അഞ്ച് അണികളെ കൂടെ നിർത്താൻ സാധിക്കണം. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിനുള്ള വ്യക്തമായ മാ‍​ർ​ഗരേഖയായി കൈപ്പുസ്തകം പ്രവ‍ർത്തകർക്ക് ഉടനെ നൽകുമെന്നും ഇക്കാര്യത്തിൽ അവരുടെ ചുമതലകളും ക‍ർത്തവ്യങ്ങളും എണ്ണമിട്ട് പറയുമെന്നും സുധാകരൻ പറഞ്ഞു. നേതാക്കൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ "ചൊറിയുന്ന" ആരും കോൺഗ്രസ്സുകാരായി പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ തുറന്നടിച്ചു. 

click me!