
കോഴിക്കോട്: കെഎസ്‌യു ജില്ലാ ഭാരവാഹി ബുഷറിനെ കാപ്പ കുറ്റംചുമത്ത് ജയിലിലടച്ച പൊലീസിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ കാപ്പ ചുമത്തുന്നത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കാപ്പ ചുമത്തപ്പെട്ട ബുഷര്‍ തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥിയും കെഎസ്‌യു ജില്ലാ ഭാരവാഹിയുമാണ്.
രാഷ്ട്രീയ എതിരാളികളോടുള്ള പക തീര്‍ക്കല്‍ ഇങ്ങനെയാണെങ്കില്‍ ഇതിന് പൊലീസും സര്‍ക്കാറും കടുത്ത വില നല്‍കേണ്ടിവരും. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ കരിനിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന നരേന്ദ്രമോദിയുടെ അതേ പകര്‍പ്പാണ് പിണറായി സര്‍ക്കാര്‍ ഇവിടെയും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അടിയന്തരമായി കാപ്പ ചുമത്തിയ നടപടി ഒഴിവാക്കാന്‍ പൊലീസ് തയ്യാറാവണമെന്നും ഇരുവരം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.