കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസ്, രണ്ട് ഉദ്യോഗസ്ഥരടക്കം ആറുപേർ കസ്റ്റഡിയിൽ; ചോദ്യംചെയ്യൽ തുടരുന്നു

By Web TeamFirst Published Jun 26, 2022, 3:36 PM IST
Highlights

രണ്ട് ഉദ്യോഗസ്ഥരും ഒരു റിട്ടയഡ് ഉദ്യോഗസ്ഥനും രണ്ട് കെട്ടിട ഉടമകളും ഒരു ഇടനിലക്കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആറ് പേരെയും വെവ്വേറെ ഇടങ്ങളിലിരുത്തി ചോദ്യം ചെയ്യുകയാണ്.

കോഴിക്കോട് : കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസിൽ ആറുപേർ കസ്റ്റഡിയിൽ. രണ്ട് ഉദ്യോഗസ്ഥരും ഒരു റിട്ടയഡ് ഉദ്യോഗസ്ഥനും രണ്ട് കെട്ടിട ഉടമകളും ഒരു ഇടനിലക്കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആറ് പേരെയും വെവ്വേറെ ഇടങ്ങളിലിരുത്തി ചോദ്യം ചെയ്യുകയാണ്. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രണ്ടു കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയ കേസിലാണ് കസ്റ്റഡി. 5 ലക്ഷം രൂപ കൈക്കൂലി നൽകിയാണ് ക്രമക്കേട് നടത്തിയതെന്നും കണ്ടെത്തി. 

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കഴി‍ഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ  പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയതെന്നാണ് വിലയിരുത്തൽ. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചനയാണ് പൊലീസിനുള്ളത്. 

നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പറിട്ട് നികുതി  സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. ആറുമാസത്തിനിടെ  ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെ  അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിട്ടുണ്ട്. സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി. ഇതിന് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിന്‍റെ നികുതി സ്വീകരിക്കാനാവൂ. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്.  

ലക്ഷങ്ങള്‍ കോഴ കൊടുത്താല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം അട്ടിമറിക്കാമെന്നതിന് തെളിവാണ് കോഴിക്കോട്ടെ മഹിളാ മാള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. പാര്‍ക്കിങ്ങ് ഏരിയ അടക്കമുളള കാര്യങ്ങളില്‍ അപാകത കണ്ട് കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് മറികടക്കാന്‍ അഞ്ച് ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കെട്ടിടമുടമയുടെ സത്യവാങ്ങ്മൂലം. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി കെട്ടിട ഉടമ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. 

2018 ലാണ്  കുടുംബശ്രീയുടെ മേൽനോട്ടത്തിൽ മഹിളമാൾ എന്ന പേരിൽ ഷോപ്പിംഗ് കോംപ്ലക്സ് വരുന്നത്. ഇതിനായി കണ്ടെത്തിയത് നഗരത്തിൽ പണിപൂർത്തിയാക്കിയ ഒരു സ്വകാര്യ കെട്ടിടമായിരുന്നു. മതിയായ പാര്‍ക്കിംഗ് ഏരിയ ഇല്ലാതിരിക്കുക, പ്ളാനില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടിയ നിര്‍മാണം, തുടങ്ങിയ അപാകതകള്‍ കണ്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമായിരുന്നു ഇത്. മഹിളാ മാളിന് വേണ്ടി കെട്ടിടം നൽകിയാൽ അപാകതകൾ ക്രമവത്ക്കരിക്കാമെന്ന അധികൃതുടെ ഉറപ്പിൻ മേൽ ഉടമ കെട്ടിടം വാടകക്ക് നൽകി. എന്നാല്‍ 10 മാസത്തിനകം മാളിന്റെ പ്രവർത്തനം മുടങ്ങി. വാടകക്കുടിശ്ശികയുടെ പേരിൽ സംരംഭകരും കെട്ടിടയുടമയും തര്‍ക്കവുമായി. ഒടുവില്‍ കോടതി കയറിയപ്പോഴാണ് കളളക്കളികൾ പുറത്തുവരുന്നത്. മഹിളാമാൾ പ്രവർത്തനം തുടങ്ങാൻ മാസവാടകയായ 13ലക്ഷം രൂപയാണ് കൈക്കൂലിയായി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് കെട്ടിടമുടമ കോടതിയെ അറിയിച്ചു. ഒടുവില്‍ അഞ്ച് ലക്ഷം രൂപ നൽകിയാണ് അനുമതി നേടിയതെന്നും സത്യവാങ്ങ്മൂലത്തിലുണ്ട്.

.

 

click me!