ദേശാഭിമാനി ഓഫീസ് ആക്രമണം: കെഎസ് യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ് 

By Web TeamFirst Published Jun 26, 2022, 3:15 PM IST
Highlights

കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്

വയനാട് : കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്.

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം, ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ദേശാഭിമാനിക്ക് നേര ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ഉച്ച തിരിഞ്ഞ് കല്‍പ്പറ്റയില്‍ പ്രകടനം നടത്തും. പ്രകടനം സമാധാനപരമായിരിക്കുമെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. 

ദേശാഭിമാനിക്കും മാധ്യമ പ്രവർത്തകർക്കും നേരെയുണ്ടായ കൈയേറ്റങ്ങൾ പ്രതിഷേധാർഹം: കെ.യു.ഡബ്ല്യു.ജെ 

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ദേശാഭിമാനി ജില്ലാ ബ്യൂറോക്കെതിരെയും മാധ്യമപ്രവർത്തകർക്ക് നേരെയുമുണ്ടായ അക്രമവും കൈയേറ്റങ്ങളും അംഗീകരിക്കാനാവാത്തതെന്ന് പത്രപ്രവർത്തക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവയിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചതിന് വാർത്താസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് നല്ല നേതാവിന്റെ പ്രണതയല്ല.മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു. 

കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്, പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ

click me!