ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു

Published : Jan 28, 2022, 07:05 AM IST
ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു

Synopsis

വിദേശത്തായതിനാല്‍ പിവി അന്‍വര്‍ എംഎല്‍എ ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.സന്ദീപ് കൃഷ്ണന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.

കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കും (PV Anvar MLA) കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് (Land Borad) കൂടുതല്‍ സമയം അനുവദിച്ചു.  കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും ഫെബ്രുവരി 15ന് ഹാജരാകണമെന്ന്  കോഴിക്കോട് ലാൻറ് അക്വസിഷൻ ഡെപ്യൂട്ടി കലക്റ്റർ അൻവർ സാദത്ത് നിര്‍ദ്ദേശം നല്‍കി.

അൻവർ എം.എല്‍.എക്കൊപ്പം ആദ്യ ഭാര്യ, രണ്ടാം ഭാര്യ എന്നിവരോടും കഴിഞ്ഞ ദിവസസം രാവിലെ 11 മണിക്ക് താമരശേരി താലൂക്ക് ഓഫീസിലെ താമരശേരി ലാന്റ് ബോര്‍ഡ് മുമ്പാകെ രേഖകളുമായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ പിവി അന്‍വര്‍ എംഎല്‍എ ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.സന്ദീപ് കൃഷ്ണന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 30ന് ഭൂരേഖകളുമായി ഹാജരാകാന്‍  എം.എല്‍.എക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ജനുവരി ഒന്നുമുതല്‍ അഞ്ചുമാസത്തിനകം അന്‍വറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാന്‍ ഹൈക്കോടതി ജനുവരി 13ന് ഉത്തരവിട്ടിരുന്നു. നേരത്തെ ആറുമാസത്തിനകം അധികഭൂമി കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി നല്‍കിയ കോടതി അലക്ഷ്യഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. 

താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഡിസംബര്‍ 30ന് നടത്തിയ വിചാരണയില്‍ അന്‍വര്‍ പങ്കെടുക്കാതിരുന്നത് നടപടിക്രമങ്ങള്‍ നീട്ടിവെക്കനുള്ള നീക്കമാണെന്നും ഇതനുവദിക്കാതെ അഞ്ചുമാസത്തിനകം തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍  226.82 എക്കര്‍ ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തൃക്കലങ്ങോട് വില്ലേജിലെ ഭൂമിയുടെ അളവ് കാണിച്ചതില്‍ പോയിന്റിട്ടതില്‍ പിശക് സംഭവിച്ചതാണെന്നും കോഴിക്കോട് മലപ്പുറം ജില്ലകളിലായി എം.എല്‍.എയും കുടുംബവും 22.82 ഏക്കര്‍ഭൂമി കൈവശം വെക്കുന്നതായാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന 12 സ്റ്റാൻഡേര്‍ഡ് ഏക്കറില്‍ കൂടുതലുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം