
കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നില്‍. 808 പോയിന്‍റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്‍റാണ്. ചാംപ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിനെ പിന്തള്ളി ആലത്തൂർ ഗുരുകുലം സ്കൂള്‍ കുതിപ്പ് തുടരുകയാണ്. അതെസമയം കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവെച്ചു.
അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിൻറ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്. കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി. തുടര്‍ച്ചയായ 10ാം കിരീടമെന്ന സ്വപ്നവുമായാണ് ഗുരുകുലത്തിൻറെ അവസാന ലാപ്പിലെ മുന്നേറ്റം.
കലോത്സവത്തിൽ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകര്‍ തടഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്ന് സംഘാടകർ പറയുന്നത്. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവർ ഓൾ പോയന്റിൽ ഉൾപ്പെടില്ല. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നത്. അവാസാന ദിനമായ നാളെ 11 മത്സരങ്ങളാണുള്ളത്. അതായത് കലാകിരീടം ആര്‍ക്കെന്നറിയാൻ അവസനാ മത്സരം വെര കാത്തിരിക്കേണ്ടി വന്നേക്കും. നാളെ വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam