കോഴിക്കോട് ലോറി ഡ്രൈവറുടെ സ്രവ പരിശോധനാ ഫലം വൈകി, രോഗി വീട്ടിലേക്ക് മടങ്ങി

By Web TeamFirst Published Jun 17, 2020, 6:39 AM IST
Highlights

ഫറോക്ക് സ്വദേശിയും ലോറി ഡ്രൈവറുമായ 30കാരന്‍ ഒഡീഷയില്‍ നിന്ന് ഇക്കഴിഞ്ഞ 30നാണ് തിരികെയെത്തിയത്. വീട്ടില്‍ പോകാതെ തേഞ്ഞിപ്പലത്ത് ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇക്കഴിഞ്ഞ 10ന് ഇയാള്‍ക്ക് പനിയും അസ്വസ്ഥതയും ഉണ്ടായി

കോഴിക്കോട്: കൊവിഡ് ക്വാറന്റീനിലിയാരുന്നയാളുടെ സ്രവ പരിശോധനാ ഫലം വരാൻ വൈകി. കോഴിക്കോടാണ് സംഭവം. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണെന്നാണ് വിവരം. ഇതിനിടെ ഇയാള്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

ഒരു ദിവസം ഒട്ടേറെ പരിശോധന നടത്തുന്നതിനാലാണ് ഫലം വൈകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഫറോക്ക് സ്വദേശിയും ലോറി ഡ്രൈവറുമായ 30കാരന്‍ ഒഡീഷയില്‍ നിന്ന് ഇക്കഴിഞ്ഞ 30നാണ് തിരികെയെത്തിയത്. വീട്ടില്‍ പോകാതെ തേഞ്ഞിപ്പലത്ത് ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇക്കഴിഞ്ഞ 10ന് ഇയാള്‍ക്ക് പനിയും അസ്വസ്ഥതയും ഉണ്ടായി. 

ഇതേതുടര്‍ന്ന് പരപ്പനങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവസാംപിള്‍ എടുത്തെങ്കിലും നിരീക്ഷണ കാലാവധി കഴിഞ്ഞപ്പോൾ ഇയാൾ വീട്ടിലേക്ക് മടങ്ങി. ജൂണ്‍ 13നാണ് നിരീക്ഷണ കാലാവധി കഴിഞ്ഞത്. ഇന്നലെ വൈകീട്ടോടെ ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവെന്ന ഫലം വന്നു. 

സാംപിള്‍ പരിശോധനയ്ക്കെടുത്ത് ആറ് ദിവസത്തിനു ശേഷമാണ് ഫലം വന്നത്. ഇതിനോടകം ഇയാള്‍ എത്രത്തോളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന കണക്ക് കിട്ടിയിട്ടില്ല. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഒരു ദിവസം തന്നെ ഒട്ടേറെ പേരുടെ സാംപിള്‍ പരിശോധിക്കേണ്ടതിനാലാണ് ഫലം വൈകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ ഇതര രാജ്യങ്ങളില്‍ സംസ്ഥാനങ്ങളില്‍ നിന്നോ വരുന്നവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ സാംപിള്‍ എടുത്ത ശേഷം അവരെ അഡ്മിറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കപ്പെടുന്നില്ലെന്നതിന്‍റെ തെളിവാണ് ഫറോഖിലെ സംഭവം.

click me!