
കോഴിക്കോട് : ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വർഷികാചരണ പരിപാടിയിൽ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് മേയറുടെ വിട്ടുനിൽക്കലെന്നാണ് സൂചന. മേയർക്ക് പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പി ആർ ഡിയും മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.പരിപാടിയിൽ മെയർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതുമായിരുന്നു.
എന്നാൽ മേയർ മാറി നിന്നതല്ലെന്നും മറ്റൊരു അടിയന്തര മീറ്റിങ്ങിലാണെന്നുമാണ് തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചത്. പങ്കെടുക്കാനാകില്ലെന്ന് തന്നേയും പിആർഡി ഡെപ്യൂട്ടി ഡയറക്ടറേയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിൻ്റെ നടപടിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇനിയെന്താകുമെന്നാണ് ആകാംഷ.
കോഴിക്കോട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ പരാമർശവുമാണ് വിവാദമായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയറുടെ പരാമർശം. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു.
കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് സിപിഎം മേയർ സംഘപരിവാർ പരിപാടിയിൽ, വിവാദം
അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ നടത്തിയ പരാമർശവും വിവാദമായതോടെ മേയർ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു.