കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്.

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന വേളയിൽ നടത്തിയ പരാമർശവും വിവാദത്തിൽ. കൃഷ്ണ വിഗ്രഹത്തിൽ തുളസി മാല ചാർത്തി ഉദ്ഘാടനം നി‍ര്‍വഹിച്ച ശേഷം നടത്തിയ ഭക്തിനിർഭരമായ പ്രസംഗത്തിനിടെയാണ് കേരളീയരുടെ ശിശുപരിപാലന രീതിയെ മേയർ വിമർശിച്ചത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്. 

'പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം'. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്. 

അതിനിടെ, ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി. സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയർ മോദി യോഗി ഭക്തയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു. അതേ സമയം, മേയ‍ര്‍ക്ക് ബിജെപി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബാലഗോകുലത്തിന്‍റെ പരിപാടിയിൽ മേയർ പങ്കെടുത്തതിനെ സിപിഎം എതിർക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ബിജെപി പ്രതികരണം. 

റോഡിലെ കുഴിയിൽ വീണ് മരണം: കാരാർ കമ്പനിക്കെതിരെ കേസ്, റോഡ് അറ്റകുറ്റപണിയിൽ വീഴ്ച

എന്നാലിക്കാര്യത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആർഎസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഎം നേരത്തെയെടുത്ത നിലപാട്. ഇതിന് ബദലായി, ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സിപിഎവും സാംസ്കാരിക ഘോഷയാത്രകൾ നടത്താറുണ്ട്. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ലീഗ് നേതാവ് കെഎൻഎ ഖാദറുമൊക്കെ ആർഎസ്എസ് വേദികളിൽ എത്തിയതിനെ അടുത്തിടെ സിപിഎം നേതൃത്വം രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.