അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അധികൃതർക്ക് മൗനം; മെഡിക്കൽ കോളേജ് തീപിടുത്തത്തിൻ്റെ കാരണത്തില്‍ അവ്യക്ത

Published : May 16, 2025, 04:05 PM IST
അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അധികൃതർക്ക് മൗനം; മെഡിക്കൽ കോളേജ് തീപിടുത്തത്തിൻ്റെ കാരണത്തില്‍ അവ്യക്ത

Synopsis

ഒന്നിന് പിറകെ ഒന്നായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിലുണ്ടായ തീപിടുത്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു.

കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായി രണ്ടാഴ്ചയാകുമ്പോഴും അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പുതിയ ബ്ലോക്കിൽ ചികിത്സ എന്ന് തുടങ്ങുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

ഒന്നിന് പിറകെ ഒന്നായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിലുണ്ടായ തീപിടുത്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു. മെയ് രണ്ടിന് രാത്രി എട്ടുമണിക്ക് അത്യാഹിത വിഭാഗത്തിലെ എംആർഐ യൂണിറ്റിനോട് ചേർന്നുള്ള സെർവർ റൂമിൽ ഉണ്ടായ തീപിടുത്തവും ആ ഘട്ടത്തിലുണ്ടായ മരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തിവരവെയായിരുന്നു ഇതേ ബ്ലോക്കിലെ ആറാം നിലയിൽ വീണ്ടും തീ പടർന്നത്. ഇതോടെ ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കേണ്ട സാഹചര്യം വന്നു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. രണ്ട് അപകടങ്ങൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും നിയോഗിച്ചു.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെ അന്വേഷണമായിരുന്നു മൂന്നാമത്തെത്. ഈ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതിൻറെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടേറ്റിന്‍റെ റിപ്പോർട്ട് കിട്ടിയതായി സമ്മതിച്ച ജില്ലാ കലക്ടർ സബ് കളക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കട്ടെ എന്ന നിലപാടിലാണ്. രണ്ടാമതും തീപടര്‍ന്ന സാഹചര്യത്തില്‍ വിശദമായ പരിശോധനകൾക്ക് ശേഷമേ ഇനി ഈ കെട്ടിടത്തില്‍ ചികിത്സ തുടങ്ങൂവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ നടപടികൾ എന്ന് പൂർത്തിയാകുമെന്നും വ്യക്തമല്ല. ആദ്യ തീപിടുത്തത്തിന് ശേഷം പഴയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം താൽക്കാലികമായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പരിമിതികൾ ഏറെയാണ്.

190 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിൽ തുടരെയുണ്ടായ അപകടങ്ങളെക്കുറിച്ച് കൂടുതല്‍ വിശമായ അന്വേഷണം വേണമെന്ന് ആവശ്യവും ഒരു ഭാഗത്തുണ്ട്. കേന്ദ്രഫണ്ട് കൂടി ഉള്‍പ്പെടുത്തി നിർമ്മിച്ച കെട്ടിടമായതിനാൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുമുണ്ട്.

ഗ്യാസ് ചോർന്ന് അപകടം, ബോബി ചെമ്മണ്ണൂരിന്‍റെ ആയിരം ഏക്കറിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ